പുലര്‍ച്ചെ തൊട്ടടുത്ത വീട്ടില്‍ വലിയ ശബ്ദം ; ജില്ലാ കളക്ടറും പൊലീസും ചേര്‍ന്ന് പിടികൂടിയത് ഒരു ടണ്ണിലേറെ ചന്ദനശേഖരം

വിപണിയില്‍ രണ്ടരക്കോടി രൂപ വിലവരുന്ന ചന്ദനശേഖരമാണ് പിടികൂടിയത്
പുലര്‍ച്ചെ തൊട്ടടുത്ത വീട്ടില്‍ വലിയ ശബ്ദം ; ജില്ലാ കളക്ടറും പൊലീസും ചേര്‍ന്ന് പിടികൂടിയത് ഒരു ടണ്ണിലേറെ ചന്ദനശേഖരം

കാസര്‍കോട്: ജില്ലാ കളക്ടറുടെ ക്യാംപ് ഓഫീസിന് സമീപത്തെ വീട്ടില്‍ നിന്നും വന്‍ ചന്ദനശേഖരം പിടികൂടി. ഒരു ടണ്ണോളം ചന്ദനശേഖരമാണ് പുലര്‍ച്ചെ പിടികൂടിയത്. ജില്ലാ കളക്ടര്‍ സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ചന്ദന തടികള്‍ പിടിച്ചെടുത്തത്. 

പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. കളക്ടറുടെ ഗണ്‍മാനും ഡ്രൈവറും രാവിലെ ഉറക്കമുണര്‍ന്ന സമയത്ത് സമീപത്തെ വീട്ടില്‍ നിന്ന് വല്ലാത്ത ശബ്ദം കേട്ട് പോയി നോക്കുകയായിരുന്നു. ഈ സമയത്ത് വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ചന്ദനം കയറ്റുകയായിരുന്നു. 

തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച അവസ്ഥയില്‍ ചന്ദനത്തടികള്‍ കണ്ടെത്തുന്നത്. ചന്ദനത്തിന് ഏകദേശം ഒരു ടണ്ണിലധികം ഭാരം വരുമെന്നാണ് പ്രാഥമിക നിഗമനം. വിപണിയില്‍ രണ്ടരക്കോടി രൂപ വിലവരുന്ന ചന്ദനശേഖരമാണ് പിടികൂടിയത്. വീട്ടുടമ അടക്കം നാലുപേര്‍ ഓടി രക്ഷപ്പെട്ടു. 

സിമന്റ് കടത്തുന്ന ലോറിയില്‍ സിമന്റാണെന്ന വ്യാജേനയാണ് ചന്ദനം കടത്താന്‍ ഒരുങ്ങിയത്. വീടിന് പിന്നിലെ അറയിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്. ഇത്ര ശബ്ദം ഉണ്ടാക്കി എന്താണ് കയറ്റുന്നതെന്ന സംശയമാണ് പരിശോധിക്കാന്‍ തോന്നിയതെന്ന് കളക്ടര്‍ പറഞ്ഞു. ചന്ദനം ഉടന്‍ തന്നെ വനംവകുപ്പിന് കൈമാറും.

അതിനിടെ, സംഭവത്തില്‍ മുഖ്യപ്രതി അബ്ദുള്‍ ഖാദറിനെ (58) അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാള്‍ ചന്ദനക്കടത്തിലെ പ്രധാന കണ്ണിയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വ്യക്തമാക്കി. ഇയാളുടെ മകന്‍ അര്‍ഷാദിനേയും കേസില്‍ പ്രതിയാക്കിയിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com