ടയര്‍ പൊട്ടി; ആറംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ 12 അടി ആഴമുള്ള ചിറയില്‍ പതിച്ചു; അത്ഭുത രക്ഷപ്പെടല്‍

എം സി റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് ചിറയില്‍ പതിച്ചു. സ്ത്രീയടക്കം കാറിലുണ്ടായിരുന്ന ആറുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു.
ടയര്‍ പൊട്ടി; ആറംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ 12 അടി ആഴമുള്ള ചിറയില്‍ പതിച്ചു; അത്ഭുത രക്ഷപ്പെടല്‍

മൂവാറ്റുപുഴ : എം സി  റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് ചിറയില്‍ പതിച്ചു. സ്ത്രീയടക്കം കാറിലുണ്ടായിരുന്ന ആറുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ റൂട്ടില്‍ പള്ളിച്ചിറങ്ങര ചിറയിലാണ് കനത്ത മഴയ്ക്കിടെ കാര്‍ പതിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. 

അടിവാട് നിന്ന് പേരുമ്പാവൂരിലേക്ക് പോവുകയായിരുന്ന കാറില്‍ അലിമുത്ത്, ഭാര്യ രജില മക്കളായ ബാദുഷ, അബു താഹിര്‍, മൈതീന്‍ ഷാ എന്നിവരാണ് ഉണ്ടായിരുന്നത്. വാഹനത്തിലെത്തിയ ഒരു യാത്രക്കാരനും സ്ഥലത്തുണ്ടായിരുന്ന മറ്റു ചിലരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ വെള്ളത്തില്‍നിന്ന് കയറ്റിയത്. 

12 അടിയിലേറെ ആഴമുള്ള ഭാഗത്തു നിന്നാണ് ഇവരെ കരക്കു കയറ്റി രക്ഷപ്പെടുത്തിയത്. ആര്‍ക്കും പരിക്കില്ല. മൂവാറ്റുപുഴ ഭാഗത്തുനിന്ന് വന്ന കാര്‍ ചിറയുടെ ഭാഗത്തെത്തിയപ്പോഴേക്കും പിന്‍ ടയറുകളിലൊന്ന് പൊട്ടി നിയന്ത്രണം വിട്ട് ചിറയിലേക്ക് പതിക്കുകയായിരുന്നു എന്ന് ബാദുഷ പറഞ്ഞു. അമ്പലത്തിന്റെ ബോര്‍ഡിലും ഇരുമ്പുവേലിയിലും ചിറയുടെ കരിങ്കല്‍ക്കെട്ടിലും ഇടിച്ച കാര്‍ ചിറയിലേക്ക് കുത്തനെ വീഴുകയായിരുന്നു.

മൂവാറ്റുപുഴ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് കാര്‍ കരയ്ക്കുകയറ്റിയത്. വെള്ളത്തില്‍ ഇവര്‍ പരിശോധനയും നടത്തി. അപകടത്തില്‍പ്പെട്ടവരെ പേഴയ്ക്കാപ്പിള്ളി സബൈന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമികചികിത്സ നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com