45 രൂപയ്ക്ക് സവാള; വിലക്കയറ്റത്തില്‍ ഇടപെടലുമായി സര്‍ക്കാര്‍, ആദ്യ ലോഡ് തിരുവനന്തപുരത്ത്

കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു
45 രൂപയ്ക്ക് സവാള; വിലക്കയറ്റത്തില്‍ ഇടപെടലുമായി സര്‍ക്കാര്‍, ആദ്യ ലോഡ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു. സംസ്ഥാനത്ത് കിലോയ്ക്ക് 45 രൂപയ്ക്ക് സവാള വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള ഹോര്‍ട്ടികോര്‍പ്പ് അറിയിച്ചു. നാഫെഡ് വഴി സംഭരിച്ചാണ് വിതരണത്തിന് എത്തിക്കുക. മഹാരാഷ്ട്രയില്‍ നിന്ന് നാഫെഡ് വഴി 200 ടണ്‍ സവാള സംഭരിക്കാനാണ് ഹോര്‍ട്ടി കോര്‍പ്പ് തീരുമാനിച്ചത്.

ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 75 ടണ്‍ ഉടന്‍ തന്നെ കേരളത്തില്‍ എത്തിക്കാനാണ് തീരുമാനം. സവാള കയറ്റിയുളള ആദ്യലോഡ് തിരുവനന്തപുരത്ത് എത്തി. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നാഫെഡുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയിലാണ് സവാള കേരളത്തില്‍ എത്തിക്കാന്‍ തീരുമാനമായത്. വിപണിയില്‍ കിലോഗ്രാമിന് 120 രൂപവരെയാണ് നിലവിലെ വില. ചെറിയ ഉള്ളിക്കും വില 100 കടന്നു.

രാജ്യമെമ്പാടും  ഉള്ളിവില കുതിച്ചുയരുകയാണ്.ഏറ്റവും വലിയ ഉള്ളിവിപണിയായ നാസിക്കില്‍ കിലോയ്ക്ക് 71 രൂപയാണ് വില. ഉള്ളിക്കൃഷിയുടെ പ്രധാന കേന്ദ്രങ്ങളായ കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസങ്ങളിലുണ്ടായ പ്രളയമാണ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്. വിലനിയന്ത്രിക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്ളി ഇറക്കുമതിക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com