പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കേരളത്തിന് മൂന്ന് പ്രത്യേക തീവണ്ടികൾ അനുവദിച്ചേക്കും, അടുത്ത ആഴ്ച മുതൽ സർവീസ്

രാജ്യത്ത് 86 പ്രത്യേക തീവണ്ടികൾ അനുവദിച്ചപ്പോൾ കേരളത്തിന് ഒന്നുപോലും ലഭിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു

തിരുവനന്തപുരം : കേരളത്തിന് മൂന്ന് പ്രത്യേക തീവണ്ടികൾ  അനുവദിച്ചേക്കും. ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന തിരുവനന്തപുരം-ഡൽഹി കേരള എക്സ്പ്രസും തിരുവനന്തപുരം-ചെന്നൈ, മംഗളൂരു-ചെന്നൈ മെയിലുകളുമാണ് അനുവദിക്കാൻ സാധ്യത. 

ഈ തീവണ്ടികൾ അടുത്ത ആഴ്ച മുതൽ സർവീസ് ആരംഭിച്ചേക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും. രാജ്യത്ത് 86 പ്രത്യേക തീവണ്ടികൾ അനുവദിച്ചപ്പോൾ കേരളത്തിന് ഒന്നുപോലും ലഭിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. സംസ്ഥാനത്തിനകത്ത് ഓടുന്ന ജനശതാബ്ദിയും വേണാടും റദ്ദാക്കിയിരുന്നു. ഈ തീരുമാനവും വിവാദമായി. പരാതിയെ തുടർന്ന് റദ്ദാക്കൽ പിൻവലിച്ചെങ്കിലും പുതിയ തീവണ്ടികൾ അനുവദിച്ചിരുന്നില്ല.

സംസ്ഥാനം ആവശ്യപ്പെടുകയും 25 ശതമാനത്തിലേറെ യാത്രക്കാരുണ്ടാവുകയും ചെയ്താൽ കൂടുതൽ തീവണ്ടികൾ ഓടിക്കാമെന്ന നിലപാടിലാണ് റെയിൽവേ. സംസ്ഥാനം ആവശ്യപ്പെട്ടാൽ തീവണ്ടികൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കാമെന്നും റെയിൽവേ വ്യക്തമാക്കുന്നു.

കേരളത്തിൽ സർവീസ് നടത്തുന്ന തീവണ്ടികൾ കാലിയായി ഓടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ പല തീവണ്ടികളിലും എ.സി. കോച്ചുകളിലൊഴികെയുള്ള റിസർവേഷൻ നില, വെയിറ്റിങ് ലിസ്റ്റിലേക്ക് പോകുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com