ജലീല്‍ രാജിവെയ്‌ക്കേണ്ടതില്ല, മടിയില്‍ കനമില്ലാത്തത് കൊണ്ടാണ് നേരിട്ട് ഹാജരായത്: പിന്തുണച്ച് മുഖ്യമന്ത്രി 

നയതന്ത്ര കളളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍
കെടി ജലീല്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം/ഫയല്‍
കെടി ജലീല്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം/ഫയല്‍

തിരുവനന്തപുരം: നയതന്ത്ര കളളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ഐഎ ചോദ്യം ചെയ്തത് കൊണ്ട് അദ്ദേഹം മന്ത്രിസ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തില്‍ രാഷ്ട്രീയ ധാര്‍മികതയുടെ ഒരു പ്രശ്‌നവും വരുന്നില്ലെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജലീലിനും ജലീലിന്റെ ഓഫീസിനും തെറ്റു പറ്റിയെന്ന് കരുതുന്നില്ല. പരാതികള്‍ വന്നാല്‍ സ്വാഭാവികമായി അന്വേഷിക്കും. വ്യക്തത വരുത്താനുളള ശ്രമം മാത്രമാണ് നടന്നിരിക്കുന്നത്. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ അറിയില്ല. അദ്ദേഹത്തിനെതിരെ ഒരു കേസും ഉണ്ടാവില്ല എന്ന് തന്നെയാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മടിയില്‍ കനം ഇല്ലാത്തത് കൊണ്ടാണ് അദ്ദേഹം നേരിട്ട് അന്വേഷണ ഏജന്‍സിക്ക് മുന്‍പാകെ ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാത്രി തന്നെ പോയത് നിലവിലെ സാഹചര്യം കൊണ്ടാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം തിരുവനന്തപുരത്തേയ്ക്ക് വന്ന മന്ത്രിക്ക് നേരെ നടന്നത് എല്ലാവരും കണ്ടതാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

അദ്ദേഹം ഖുറാന്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഖുറാന്‍ ഒളിച്ചു കടത്തി വന്നതല്ല. സാധാരണ മാര്‍ഗത്തിലൂടെയാണ് വന്നത്. ഇത് ക്ലിയര്‍ ചെയ്ത് കൊടുത്തവരും സ്വീകരിച്ചവരും ഉണ്ട്. ഇത് വിതരണം ചെയ്തതിന് ശേഷം ബാക്കി വന്നു. തുടര്‍ന്ന് മന്ത്രിയെ സമീപിക്കുകയായിരുന്നു. ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി എന്ന നിലയിലാണ് അദ്ദേഹത്തെ കോണ്‍സുലേറ്റ് സമീപിച്ചത്. അല്ലാതെ കോണ്‍സുലേറ്റിനെ അദ്ദേഹത്തെ സമീപിച്ചതല്ല. ഖുറാന്റെ കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും പരാതി ഉന്നയിക്കുന്നത് മനസിലാക്കാം. എന്നാല്‍ ലീഗും ലീഗിന്റെ നേതാക്കളും ഒത്തുചേര്‍ന്ന് ആക്രമിക്കുന്നത് മനസിലാകുന്നില്ല. കോലീബി സഖ്യത്തെ കൊണ്ടുവരാനുളള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com