നാരങ്ങ തോലുസഹിതം വെള്ളത്തില്‍ കലര്‍ത്തി കുടിക്കണം; കോവിഡ് നാടുവിടും; ഡോക്ടറുടെ പേരില്‍ വ്യാജ സന്ദേശം; കേസ് 

രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മനി ഇത് പരീക്ഷിച്ച് വിജയിച്ചതാണെന്നും ചില മരുന്നുകമ്പനികള്‍ ഇതിന്റെ പ്രചാരണം തടയുകയായിരുന്നുഎന്നും സന്ദേശത്തില്‍ പറയുന്നു 
നാരങ്ങ തോലുസഹിതം വെള്ളത്തില്‍ കലര്‍ത്തി കുടിക്കണം; കോവിഡ് നാടുവിടും; ഡോക്ടറുടെ പേരില്‍ വ്യാജ സന്ദേശം; കേസ് 

കണ്ണൂര്‍: കോവിഡ് 19 നേരിടാന്‍ നാരങ്ങാ വെള്ളം കുടിച്ചാല്‍ മതിയെന്ന അഭിപ്രായവുമായി ഡോക്ടറുടെ പേരില്‍ വ്യാജ ശബ്ദസന്ദേശം.കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം മേധാവിയും ഹൃദ്രോഗവിദഗ്ധനുമായ ഡോ. എസ്എം അഷ്‌റഫിന്റെ പേരിലാണ് സന്ദേശം സാമൂഹികമാധ്യമങ്ങളില്‍ പരക്കുന്നത്. ഇതിനെതിരേ ഡോ. അഷ്‌റഫ് സൈബര്‍ സെല്ലിലും പരിയാരം പൊലീസിലും പരാതി നല്‍കി. ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി.

രണ്ടുദിവസം മുമ്പാണ് ഡോക്ടറുടേതെന്ന പേരില്‍ ശബ്ദസന്ദേശം സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പെട്ടെന്നുതന്നെ സന്ദേശം പ്രചരിക്കുകയും ചെയ്തു.

ലോകവിപത്തായിമാറിയ കൊറോണ വൈറസിനെ തകര്‍ക്കാന്‍ വൈറ്റമിന്‍ സിയാണ് ആവശ്യമെന്നും അതുകൊണ്ട് നാരങ്ങ തോലു സഹിതം വെള്ളത്തില്‍ കലര്‍ത്തി കുടിക്കണമെന്നും ഇതില്‍ പറയുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മനി ഇത് പരീക്ഷിച്ച് വിജയിച്ചതാണെന്നും ചില മരുന്നുകമ്പനികള്‍ ഇതിന്റെ പ്രചാരണം തടയുകയായിരുന്നുവെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

സന്ദേശത്തിലെ ശബ്ദം തന്റേതല്ലെന്നും ഇതിനെതിരേ നടപടി വേണമെന്നും ഡോ. അഷ്‌റഫ് പരാതിയില്‍ ആവശ്യപ്പെട്ടു. കോവിഡ് 19ന്റെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്കുമുമ്പ് ഡോ. അഷ്‌റഫ് മറ്റൊരു സന്ദേശം പങ്കുവെച്ചിരുന്നു. ഏറെ ശാസ്ത്രീയവും വിജ്ഞാനപ്രദവുമായിരുന്നു ഈ സന്ദേശം. ഇതിനുപിന്നാലെയാണ് വ്യാജസന്ദേശവും വ്യാപകമായി പ്രചരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com