'അര്‍ഹനായ ഒരാള്‍ക്ക് സഹായമാകുമെങ്കില്‍ അതിലാണ് സന്തോഷം' ; സൗജന്യ ഭക്ഷ്യ കിറ്റ് സംഭാവന ചെയ്ത് മണിയൻപിള്ള രാജു

ഭാര്യ ഇന്ദിര രാജുവിന്റെ പേരിലുള്ള റേഷന്‍ കാര്‍ഡിന്റെ വിഹിതമാണ് സംഭാവന നല്‍കിയത്
'അര്‍ഹനായ ഒരാള്‍ക്ക് സഹായമാകുമെങ്കില്‍ അതിലാണ് സന്തോഷം' ; സൗജന്യ ഭക്ഷ്യ കിറ്റ് സംഭാവന ചെയ്ത് മണിയൻപിള്ള രാജു

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ 'ഡൊണേറ്റ് മൈ കിറ്റ്' ആഹ്വാനം ഏറ്റെടുത്ത് നടൻ മണിയൻപിള്ള രാജു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യകിറ്റ് അര്‍ഹരായ പാവങ്ങള്‍ക്കായി  മണിയന്‍പിള്ള രാജു വിട്ടുനല്‍കി.  ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ സാന്നിധ്യത്തിലാണ് തന്റെ കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന സ്‌പെഷ്യല്‍ ഭക്ഷ്യധാന്യകിറ്റ് അര്‍ഹര്‍ക്ക് നല്‍കാനായി സമ്മതപത്രം നല്‍കിയത്. അര്‍ഹനായ ഒരാള്‍ക്ക് തന്റെ സംഭാവന സഹായകമാകുമെങ്കില്‍ അതിലാണ് സന്തോഷമെന്ന്  മണിയന്‍പിള്ള രാജു പറഞ്ഞു.

കഴിഞ്ഞദിവസം റേഷന്‍ കടയില്‍ പോയി റേഷന്‍ ഭക്ഷ്യധാന്യം വാങ്ങിയതിനെക്കുറിച്ചും ഭക്ഷ്യധാന്യത്തിന്റെ ഗുണമേന്‍മയെക്കുറിച്ചും മണിയന്‍പിള്ള രാജു അഭിപ്രായപ്പെട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇത്രയും ഗുണനിലവാരമുള്ള അരിയാണ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതെന്ന് വാങ്ങിയപ്പോഴാണ് മനസിലായതെന്ന് രാജു പറഞ്ഞു. 

റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ, 17 ഇനം ഭക്ഷ്യസാമഗ്രികള്‍ ഉള്‍പ്പെടുന്ന കിറ്റാണ് റേഷന്‍ കടകളിലൂടെ സര്‍ക്കാര്‍ വിതരണം ചെയ്യാന്‍ തയാറെടുക്കുന്നത്. കിറ്റ് ആവശ്യമില്ലാത്ത സാമ്പത്തികശേഷിയുള്ളവര്‍ ഇത് അര്‍ഹരായവര്‍ക്ക് ദാനം ചെയ്യാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിനുള്ള ഓൺലൈൻ സൗകര്യം സിവിൽസപ്ലൈസിന്റെ വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. 

ഈ സൗകര്യം ഭക്ഷ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിനിയോഗിച്ചാണ് മണിയന്‍പിള്ള രാജു കിറ്റ് തിരികെ നല്‍കിയത്.  ഭാര്യ ഇന്ദിര രാജുവിന്റെ പേരിലുള്ള റേഷന്‍ കാര്‍ഡിന്റെ വിഹിതമാണ് സംഭാവന നല്‍കിയത്. സാമ്പത്തികശേഷിയുള്ളവര്‍ക്ക് പാവങ്ങള്‍ക്കായി ഇങ്ങനെ ചെയ്യാവുന്നതാണെന്നും രാജു പറഞ്ഞു. അര്‍ഹതയുള്ളവര്‍ക്കായി കിറ്റ് ദാനം ചെയ്ത മണിയൻപിള്ള രാജുവിന്റെ നടപടിയെ മന്ത്രി തിലോത്തമൻ അഭിനന്ദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com