'കള്ളം പറഞ്ഞാല്‍ കുടുങ്ങും; എവിടെ പോയെന്ന് ഒറ്റനിമിഷം കൊണ്ട് കണ്ടെത്താം'; ഉടനടി കേസും പതിനായിരം രൂപ പിഴയും

ലോക്ക്ഡൗണിനിടെ കള്ളം പറഞ്ഞ് യാത്ര ചെയ്യുന്നവരെ കുടുക്കാന്‍ പൊലീസ് മൊബൈല്‍ ആപ്ലിക്കേഷന്‍ രംഗത്തിറക്കി
'കള്ളം പറഞ്ഞാല്‍ കുടുങ്ങും; എവിടെ പോയെന്ന് ഒറ്റനിമിഷം കൊണ്ട് കണ്ടെത്താം'; ഉടനടി കേസും പതിനായിരം രൂപ പിഴയും


തിരുവനന്തപുരം:  ലോക്ക്ഡൗണിനിടെ കള്ളം പറഞ്ഞ് യാത്ര ചെയ്യുന്നവര്‍ പെട്ടു. അവരെ പിടികൂടാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ രംഗത്തിറക്കി പൊലീസ്.  എത്ര തവണ, എന്തെല്ലാം ആവശ്യങ്ങള്‍ പറഞ്ഞ് യാത്ര ചെയ്തിട്ടുണ്ടെന്നു വാഹന നമ്പര്‍ നോക്കി ഒറ്റ നിമിഷം കൊണ്ട് കണ്ടെത്തുന്നതാണ് പുതിയ തന്ത്രം. തിരുവനന്തപുരം സിറ്റി പൊലീസ് നടപ്പാക്കിയ ആപ്ലിക്കേഷന്‍ സംസ്ഥാന വ്യാപകമാക്കാനാണ് ആലോചന.

ഇനി തടഞ്ഞ് നിര്‍ത്തി കാര്യം അന്വേഷിക്കലോ ചീത്തവിളിക്കലോ ഏത്തമിടീക്കലോ ഒന്നുമില്ല. ലോക്ഡൗണിനിടെ ഇറങ്ങുന്ന വാഹനത്തിന്റെ നമ്പര്‍ എഴുതിയെടുക്കും, എവിടെ പോകുന്നൂവെന്ന് ചോദിക്കും. തര്‍ക്കമൊന്നും കൂടാതെ കടത്തി വിടും.

അനാവശ്യ യാത്രക്കിറങ്ങി ഇങ്ങനെ കടന്നു പോകുന്നവര്‍ കള്ളം പറഞ്ഞ് പൊലീസിനെ കബളിപ്പിച്ച് മിടുക്കരായെന്ന് കരുതരുത്. നമ്പര്‍ എഴുതിയെടുക്കുന്നത് റോഡ് വിജില്‍ എന്ന ആപ്ലിക്കേഷനിലേക്കാണ്. യാത്രയുടെ ഉദേശവും രേഖപ്പെടുത്തുന്നുണ്ട്. ഇതുകഴിഞ്ഞ് ഇനി ഏത് പരിശോധനാ കേന്ദ്രത്തിലെത്തിയാലും വണ്ടി നമ്പര്‍ എഴുതുമ്പോള്‍ തന്നെ എത്ര തവണ യാത്ര ചെയ്തു, നേരത്തെ പറഞ്ഞ ആവശ്യങ്ങളെന്ത്, അവിടേക്കാണോ പോകുന്നതു തുടങ്ങിയവ കണ്ടെത്താനാവും. പറഞ്ഞത് കള്ളമാണന്ന് കണ്ടാല്‍ ഉടനടി കേസും അറസ്റ്റും പതിനായിരം രൂപ പിഴയും.

യാത്രക്കാരോട് പൊലീസ് തട്ടിക്കയറുന്നു, ചീത്ത വിളിക്കുന്നു തുടങ്ങി ആദ്യഘട്ടത്തില്‍ ഉയര്‍ന്ന പരാതികളൊന്നും ഇത് ഉപയോഗിക്കുന്നതോടെ ഇല്ലാതാവുമെന്നാണു വിലയിരുത്തല്‍. വര്‍ക്കല പൊലീസ് തയാറാക്കിയ ആപ്ലിക്കേഷന്‍ കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ഏറ്റെടുത്ത് തിരുവനന്തപുരത്ത് നിര്‍ബന്ധമാക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com