അമ്മയും കുഞ്ഞും സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സുരക്ഷിതര്‍; 'ചികിത്സാ ചെലവ് ' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

അമ്മയും കുഞ്ഞും സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സുരക്ഷിതര്‍; സ്വകാര്യ ആശുപത്രിയിലെ 'ചികിത്സാ ചെലവ് ' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: കടിഞ്ഞൂല്‍ കുഞ്ഞിന്റ ജനനം നാട്ടിലാകണമെന്ന ചിന്തയോടെയാണ് ശക്തികുളങ്ങര സ്വദേശിയായ യുവതി ഗള്‍ഫില്‍ നിന്നും മാര്‍ച്ച് 11 ന് നാട്ടിലേക്ക് വിമാനം കയറിയത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. പക്ഷേ കോവിഡ് 19 ന്റെ ചികിത്സാ മാനദണ്ഡ പ്രകാരം അവിടെ പ്രസവ ശുശ്രൂഷ ലഭ്യമാകുന്നതിന് സാങ്കേതിക തടസം നേരിട്ടു. എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുമ്പോഴാണ് ഭര്‍ത്താവിന്റെ സുഹൃത്തുകൂടിയായ ശക്തികുളങ്ങര പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ജോണ്‍ മാത്യുവിന്റെ ഉപദേശപ്രകാരം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്.

വിദേശത്തു നിന്നും എത്തുന്നവര്‍ക്ക് 28 ദിവസം നിരീക്ഷണം നിര്‍ബന്ധമായതിനാല്‍ ഗര്‍ഭിണിയുടെ സാമ്പിള്‍ പരിശോധിക്കുകയും നെഗറ്റീവാണെന്ന് ഫലം വരുകയും ചെയ്തു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഗൃഹനിരീക്ഷണത്തിലേക്ക് അയച്ചു. ഒരാഴ്ചയ്ക്കു ശേഷം തുടര്‍ പരിശോധനകള്‍ക്ക് എത്തിയപ്പോള്‍ കുട്ടിക്ക് അനക്കം കുറവാണെന്ന് കണ്ടു. സാധാരണ പ്രസവം സാധ്യമല്ലെന്നു ബോധ്യമായതിനാല്‍ സിസേറിയന്‍ നടത്തി. അഞ്ചു ദിവസം നിയോനേറ്റല്‍ ഐ സി യുവിലെ പരിചരണത്തിനു ശേഷം കുഞ്ഞുമായി അച്ഛനമ്മമാര്‍ വീട്ടിലേയ്ക്ക് മടങ്ങി.

ഗൈനക്കോളജിസ്റ്റുകളായ ഡോ വസന്തകുമാരി, ഡോ അജിത, ഡോ മീര, ശിശുരോഗ വിദഗ്ധന്‍ ഡോ കിരണ്‍, പി ആര്‍ ഒ അരുണ്‍ മുതല്‍ ക്ലീനിംഗ് സ്റ്റാഫ് വരെയുള്ളവര്‍ ഇവര്‍ക്ക് സാന്ത്വനമേകി. ആശുപത്രിയില്‍ നിന്നും ഏറ്റവും മികച്ച പരിചരണവും സാന്ത്വനവുമാണ് ലഭിച്ചതെന്ന് ഇവര്‍ പറഞ്ഞു.

സ്വകാര്യാശുപത്രികളില്‍ വന്‍തുക വേണ്ടിവരുന്ന സ്ഥാനത്ത് അഞ്ചു ദിവസത്തെ എന്‍ ഐ സി യു ചാര്‍ജുള്‍പ്പെടെ വെറും 1800 രൂപ മാത്രമാണ് ഇവര്‍ക്ക് ചെലവായത്.. ആശുപത്രി ചെലവിനായി തങ്ങള്‍ കരുതി വച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുമെന്നും ജില്ലാ ഭരണകൂടം നടപ്പാക്കുന്ന കോവിഡ് 19 നിയന്ത്രണ പദ്ധതികളില്‍ പൂര്‍ണമായും സഹകരിക്കുമെന്നും കുടുംബം ഉറപ്പ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com