'ഷാജി മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ഇട്ടത് ശ്രദ്ധ തിരിക്കാന്‍; പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു'

മുസ്ലീംലീഗില്‍ നിന്ന് രേഖാമൂലം ഇത്തരം ഒരു പരാതി ലഭിച്ചാല്‍ അത് മൂടിവെക്കേണ്ട ആവശ്യമില്ല
'ഷാജി മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ഇട്ടത് ശ്രദ്ധ തിരിക്കാന്‍; പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു'

കണ്ണൂര്‍: കെഎം ഷാജി എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി പരാതിക്കാരന്‍ കെ പത്മനാഭന്‍. പരാതിയുമായി ബന്ധപ്പെട്ട് യാതൊരു ഗൂഢാലോചനയും ഇല്ല. പരാതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ അതില്‍ നിന്നും ശ്രദ്ധ തിരിക്കനാണാ മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സുബുക്ക് പോസ്റ്റുമായി കഴിഞ്ഞദിവസം വന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പത്മനാഭന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പരാതിയില്‍ മൗലവിയുടെ പേര് പറയാന്‍ കാരണം ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യമാണ്. അവര്‍ അവരുടെ പാര്‍ട്ടിയ്ക്ക് നല്‍കിയ പരാതിയെ അവിശ്വസിക്കേണ്ടതില്ല. സ്‌കൂള്‍ മാനേജ്‌മെന്റ് 25 ലക്ഷം എവിടെ നിന്ന് കിട്ടിയെന്നതിന് മറുപടി പറയേണ്ടിവരും. അവര്‍ക്ക് ഹയര്‍സെക്കന്ററി അനുമതി കിട്ടിയ സാഹചര്യത്തില്‍ മാനേജ്‌മെന്റ് ഇപ്പോള്‍ പണം നല്‍കിയ കാര്യം പറയണമെന്നില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു. പരാതിയെ സംബന്ധിച്ചിടത്തോളം സ്‌കൂളല്ല പ്രധാനമെന്നും ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയാണ് ഇത്തരം നിലപാട് സ്വീകരിക്കുക എന്നതാണ്. ഇതില്‍ ഒരു രാഷ്ട്രീയ പകപോക്കലും ഇല്ല. അവരുടെ പാര്‍ട്ടിയില്‍ നിന്ന്‌ രേഖാമൂലം ഇത്തരം ഒരു പരാതി ലഭിച്ചാല്‍ അത് മൂടിവെക്കേണ്ട ആവശ്യമില്ലെന്നും പത്മനാഭന്‍ പറഞ്ഞു.

ഹയര്‍ സെക്കന്ററി വിഭാഗം അനുവദിക്കാനായി മുസ്ലിം ലീഗിന്റെ പൂതപ്പാറ കമ്മിറ്റി  25 ലക്ഷം രൂപ സ്‌കൂള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു എന്നാല്‍  കെ എം ഷാജി ഇടപെട്ട് പണം വാങ്ങി എന്നാണ് ആരോപണം. ഈ വിഷയത്തില്‍ ലീഗിന്റെ പ്രാദേശിക നേതൃത്വം തന്നെ ഷാജിക്ക് എതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ രേഖകള്‍ സഹിതമാണ് പത്മനാഭന്റെ പരാതി.

എന്നാല്‍ തനിക്കെതിരെ കേസ് എടുത്തത് രാഷ്ട്രീയ പകപോക്കലെന്ന് കെ എം ഷാജി എംഎല്‍എ. ഈ കേസിന് പിന്നിലുള്ള ഏക വ്യക്തി മുഖ്യമന്ത്രി പിണറായി വിജയനാണ്. കേസിനെ നിയമപരമായി പാര്‍ട്ടി നേരിടുമെന്ന് കെഎം ഷാജി പറഞ്ഞു. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെഎം ഷാജി

ഒരു സ്‌കൂളിന് സീറ്റ് അനുവദിക്കാന്‍ അവകാശമുള്ളയാളല്ല ഞാന്‍ അപ്പോഴും ഇപ്പോഴും. പിന്നെ എങ്ങനെയാണ് സീറ്റ് അനുവദിക്കാന്‍ പണം വാങ്ങുക. ഞാന്‍ ഒരുകാലത്തും മന്ത്രിയായിരുന്നില്ല. അതുമായി ബന്ധപ്പെട്ട ഒരു സ്ഥാനത്തും ഇരുന്നിട്ടില്ല. ഇപ്പോള്‍ അങ്ങനെ ഒരു കേസു എടുക്കാനിടയാക്കിയത് മുഖ്യമന്ത്രിയെ വിമര്‍ശിച്ചത് മാത്രമാണ് കെഎം ഷാജി പറഞ്ഞു.

അഴിക്കോട് സ്‌കൂളിന്റെ വിഷയത്തില്‍ ഇടപെട്ടിരുന്നു. സ്‌കൂള്‍ കമ്മറ്റിയില്‍ അധികവും സഖാക്കളാണ്. അതൊരു പബ്ലിക് സ്‌കൂളിന് സമാനമാണ്. സ്‌കൂള്‍ നന്നാക്കുമെന്ന് ഞാന്‍ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. ഇത്രയേറെ സഖാക്കളുള്ള ഒരുമാനേജ്‌മെന്റില്‍ നിന്ന് എങ്ങനെയാണ് ഒരാള്‍ക്ക് പണം വാങ്ങാന്‍ കഴിയുക ഷാജി ചോദിക്കുന്നു.

പുതിയ സാഹചര്യത്തില്‍ ഇപ്പോള്‍ തനിക്ക് എതിരെ  കിട്ടിയ ഏക ആയുധമാണ്. കോടികള്‍ മുടക്കിയുള്ള മുഖ്യമന്ത്രിയുടെ ഇമേജാണ് ഇന്നലെ തകര്‍ന്ന് വീണത്. അതിന്റെ പ്രതികാരമാണിത്. ഈ കേസിന് പിന്നില്‍ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ അത്ര പ്രായമില്ലെങ്കിലും പിണറായി വിജയനെ നന്നായി പഠിച്ച ഒരാളാണ് താന്‍. ഒരു വ്യക്തിയെ വേട്ടയാടാനും കൊല്ലാനും പ്രതികാര ബുദ്ധിയുള്ള  നേതാവാണ് പിണറായി. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു വ്യത്യാസവും പിണറായിക്കില്ല. എതിര്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയെന്നതാണ് രണ്ടുകൂട്ടരുടെയും പരിപാടി. ഇവിടെ ആളുമാറി പോയി. ഇത് കേരളമാണ്. നൂറ് കേസെടുത്താലും നാവടക്കി വീട്ടിലിരിക്കുമെന്നത് തെറ്റിദ്ധാരണയാണ് ഷാജി പറഞ്ഞു.

ലീഗിന് അകത്ത് തന്നെ ഒതുക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. പുറത്ത് നിന്ന് ആരും തന്നെ ഒതുക്കാന്‍ വരേണ്ടതില്ലെന്നും തന്നെ ഒതുക്കാന്‍ ലീഗുകാര്‍ക്ക് മാത്രമെ കഴിയുകയുള്ളുവെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com