സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിയന്ത്രിച്ചേക്കും; 15 ദിവസത്തെ മാത്രം നല്‍കാന്‍ ആലോചന

സാലറി ചലഞ്ചില്‍ തീരുമാനമായില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്ത മാസത്തെ ശമ്പള വിതരണം പ്രതിസന്ധിയിലാവും
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിയന്ത്രിച്ചേക്കും; 15 ദിവസത്തെ മാത്രം നല്‍കാന്‍ ആലോചന


തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളം നിയന്ത്രിക്കാന്‍ ധനവകുപ്പിന്റെ നീക്കം. സാലറി ചലഞ്ചില്‍ തീരുമാനമായില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്ത മാസത്തെ ശമ്പള വിതരണം പ്രതിസന്ധിയിലാവും.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട്‌ മറ്റ്‌ സംസ്ഥാനങ്ങള്‍ എന്ത്‌ ചെയ്യുന്നു എന്ന്‌ കൂടി വിലയിരുത്തിയതിന്‌ ശേഷമാവും ധനവകുപ്പ്‌ തീരുമാനമെടുക്കുക. അടുത്ത മാസം ആദ്യം 15 ദിവസത്തെ ശമ്പളം മാത്രം നല്‍കുന്നതിനെ കുറിച്ചാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. മെയിലെ ശമ്പള വിതരണവും ഇതുപോലെ നിയന്ത്രിച്ചാല്‍ സാലറി ചലഞ്ച്‌ വഴി ഉദ്ദേശിച്ച ഫലം ലഭിക്കുമെന്നാണ്‌ സര്‍ക്കാരിന്റെ വിലയിരുത്തല്‍.

പല ഗഡുക്കളായി ഒരു മാസത്തെ ശമ്പളം പിടിക്കുന്ന സാലറി ചലഞ്ച്‌ നടപ്പിലാക്കിയില്ലെങ്കില്‍ മാത്രമായിരിക്കും ഈ വഴി സ്വീകരിക്കുക. ശമ്പളം നല്‍കാന്‍ പണമില്ലെന്നാണ്‌ ധനവകുപ്പ്‌ പറയുന്നത്‌. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും എന്ന പ്രതീക്ഷ സര്‍ക്കാരിനുണ്ട്‌. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ നാളെ മുതല്‍ നിയന്ത്രണമില്ലാതെ മാറി നല്‍കാനാണ്‌ തിരുമാനം.

ഇതുവരെയുള്ള കണക്ക്‌ അനുസരിച്ച്‌ 2250 കോടി രൂപയുടെ ബില്ലുകള്‍ മാറി നല്‍കണം. ഇത്‌ കൊടുത്ത്‌ കഴിയുന്നതോടെ വീണ്ടും കടമെടുത്തില്ലെങ്കില്‍ മെയ്‌ ആദ്യ വാരത്തോടെ ഖജനാവ്‌ കാലിയാവും. അടുത്തയാഴ്‌ച വീണ്ടും കടപ്പത്രം ഇറക്കി ധനസമാഹരണത്തിനും സര്‍ക്കാര്‍ ആലോചിക്കുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com