ക്രിക്കറ്റ്‌ കളിച്ച്‌ അടിയുണ്ടാക്കി യുവാക്കള്‍; സേവനം ശിക്ഷയാക്കി പൊലീസ്‌, നാട്ടുകാരുടെ കയ്യടി

ഓരോ വീടിന്‌ മുന്‍പിലും ഭക്ഷ്യ കിറ്റുമായി എത്തിയ യുവാക്കള്‍ വീഡിയോ കോളിലൂടെ പൊലീസുമായി സംസാരിച്ച്‌ കിറ്റ്‌ വിതരണം ചെയ്‌തു
ക്രിക്കറ്റ്‌ കളിച്ച്‌ അടിയുണ്ടാക്കി യുവാക്കള്‍; സേവനം ശിക്ഷയാക്കി പൊലീസ്‌, നാട്ടുകാരുടെ കയ്യടി


പത്തനാപുരം; ക്രിക്കറ്റ്‌ കളിച്ച്‌ അടിയുണ്ടാക്കിയ യുവാക്കള്‍ക്ക്‌ സേവനം ശിക്ഷയായി നല്‍കി പൊലീസ്‌. ക്രിക്കറ്റ്‌ കളിക്കിടയില്‍ അടിയുണ്ടാക്കി കേസായപ്പോള്‍ ഒത്തുതീര്‍പ്പിന്‌ തയ്യാറായവര്‍ക്കാണ്‌ പൊലീസ്‌ ഇത്തരത്തിലൊരു ശിക്ഷ നല്‍കിയത്‌.

10 നിര്‍ധന കുടുംബങ്ങള്‍ക്ക്‌ ഭക്ഷ്യകിറ്റ്‌ വിതരണം ചെയ്യണം എന്നതായിരുന്നു ശിക്ഷ. ഓരോ വീടിന്‌ മുന്‍പിലും ഭക്ഷ്യ കിറ്റുമായി എത്തിയ യുവാക്കള്‍ വീഡിയോ കോളിലൂടെ പൊലീസുമായി സംസാരിച്ച്‌ കിറ്റ്‌ വിതരണം ചെയ്‌തു. കുന്നിക്കോട്‌ പൊലീസാണ്‌ ഇത്തരമൊരു സമീപനവുമായി എത്തിയത്‌. പൊലീസ്‌ വിഷയത്തില്‍ ഇടപ്പെട്ട വിധത്തിന്‌ നാട്ടുകാരില്‍ നിന്ന്‌ വലിയ അഭിനന്ദനവും ലഭിക്കുന്നു

ക്രിക്കറ്റ്‌ കളിക്കിടയില്‍ വഴക്കിലേക്ക്‌ വീണ രണ്ട്‌ യുവാക്കളെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തതോടെയാണ്‌ സംഭവങ്ങള്‍ക്ക്‌ തുടക്കം. പട്ടാഴി സ്വദേശികളായ ഇരുവരുടേയും മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ്‌ കേസെടുത്തത്‌. എന്നാല്‍ പൊലീസ്‌ യുവാക്കളോട്‌ സംസാരിച്ചപ്പോള്‍ ഇരുവര്‍ക്കും പരാതി ഇല്ലെന്ന്‌ പറഞ്ഞു.

എന്നാല്‍ ലോക്ക്‌ഡൗണ്‍ ലംഘിച്ചതിന്‌ നിയമനടപടി നേരിട്ടേ മതിയാവൂ എന്ന നിലപാടില്‍ പൊലീസ്‌ എത്തി. ഇതോടെയാണ്‌ കേസെടുത്താല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ പറഞ്ഞു മനസിലാക്കിയതിന്‌ ശേഷം നിര്‍ധന കുടുംബങ്ങള്‍ക്ക്‌ ഭക്ഷ്യകിറ്റ്‌ നല്‍കാന്‍ ഇവരോട്‌ പൊലീസ്‌ നിര്‍ദേശിച്ചത്‌. യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‌ ഇടയില്‍ ഒരാളുടെ ഫോണ്‍ നശിച്ചിരുന്നു. ഇത്‌ നന്നാക്കാനുള്ള പണം നല്‍കാമെന്ന്‌ ഫോണ്‍ നശിപ്പിച്ച യുവാവ്‌ പറഞ്ഞെങ്കിലും മറ്റേയാള്‍ നിരസിച്ചു. ഈ തുക ഉപയോഗിച്ചാണ്‌ ഭക്ഷ്യകിറ്റ്‌ വാങ്ങിയത്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com