ഒരു ലിറ്റര്‍ ചാരായത്തിന് 1500 രൂപ; പൊലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ കുടുങ്ങിയത് വന്‍ വാറ്റു സംഘം

ഒരു ലിറ്റര്‍ ചാരായത്തിന് 1500 രൂപ; പൊലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ കുടുങ്ങിയത് വന്‍ വാറ്റു സംഘം
ഒരു ലിറ്റര്‍ ചാരായത്തിന് 1500 രൂപ; പൊലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ കുടുങ്ങിയത് വന്‍ വാറ്റു സംഘം


പത്തനംതിട്ട: ഒരു ലിറ്റര്‍ ചാരായം കണ്ടുകിട്ടിയ ആളില്‍ നിന്നു തുടങ്ങി പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുടുങ്ങിയത് വന്‍ ചാരായ വാറ്റു സംഘം. ദിവസങ്ങളോളം ഷാഡോ പൊലീസ് നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്.

കോയിപ്രം പുല്ലാട് വാളക്കുഴിയില്‍ സണ്ണി എന്ന ആളുടെ ഉടമസ്ഥതയിലുള്ള ബഹുനില വീട് കേന്ദ്രമാക്കിയുള്ള ചാരായ വാറ്റ് സങ്കേതമാണ് പൊലീസ് കണ്ടെത്തിയത്. ഷാഡോ പൊലീസ് അംഗങ്ങള്‍ അവിടേക്കെത്തിയത് പ്രതികളിലൊരാളായ രാജേഷിലൂടെയായിരുന്നു. ദിവസങ്ങളായുള്ള നിരീക്ഷണത്തിന് ഒടുവില്‍ ഷാഡോ ടീമിന്റെ പിടിയില്‍പെട്ട ഇയാളുടെ പക്കല്‍ നിന്നും ഒരു ലിറ്റര്‍ ചാരായം കണ്ടെടുത്തു. ഉറവിടത്തെ പറ്റിയും കൂട്ടാളികളെയും കുറിച്ചുള്ള വിശദമായ അന്വേഷണം ഒടുവില്‍ വാറ്റു കേന്ദ്രത്തിലും ബാക്കി പ്രതികളിലേക്കും പൊലീസിനെ എത്തിച്ചു.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറപ്പെട്ടതോടെ ഷാഡോ ടീം ജാഗരൂകരായി ഈ പരിസരങ്ങളില്‍ തമ്പടിച്ചു. ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ജോസിന്റെ നിര്‍ദേശാനുസരണം നീക്കം ചടുലമാക്കിയ പൊലീസ് സംഘത്തിന് ലക്ഷ്യത്തിലെത്താന്‍ വളരെ വേഗം സാധിച്ചു. ആഡംബര സൗകര്യങ്ങളെല്ലാമുള്ള വലിയ വീട്ടില്‍ വാറ്റ് ചാരായ നിര്‍മാണ യൂണിറ്റ് സ്ഥാപിച്ച് ചാരായം നിര്‍മിക്കുകയായിരുന്ന രണ്ട് പേരെ കയ്യോടെ പിടിച്ചു. 250 ലിറ്റര്‍ കോടയും 15 ലിറ്റര്‍ വാറ്റ് ചാരായവും വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു. അയിരൂര്‍ നോര്‍ത്ത് രാജേഷ്ഭവനില്‍ അയ്യപ്പന്‍ (55) , തടിയൂര്‍ പടിഞ്ഞാറേ ചരുവില്‍  സുന്ദരന്‍ (65) എന്നിവരാണ് രാജേഷിന് പിന്നാലെ അറസ്റ്റിലായവര്‍. അയ്യപ്പന്റെ ഭാര്യാസഹോദരനാണ് രാജേഷ്.

വന്‍ ചാരായ വാറ്റുമായി ബന്ധപ്പെട്ട് അന്വേഷണം കാര്യക്ഷമമാക്കിയതിന്റെ അടിസ്ഥാനത്തില്‍ സൂത്രധാരനും സംഘത്തിന്റെ നേതാവുമെന്ന് സംശയിക്കുന്ന പ്രതിയെ പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവ് അറസ്റ്റ് ചെയ്തു.  നെജി എന്ന് വിളിക്കുന്ന ജോസഫ് തോമസ്(41) ആണ് അതിവേഗത്തിലുള്ള തുടര്‍ അന്വേഷണത്തില്‍ പിടിയിലായത്. ഇയാള്‍ കോയിപ്രം പൊലീസ് സ്‌റ്റേഷനിലെ മുന്‍ അബ്കാരി കേസില്‍ പ്രതിയാണ്. കുപ്പി ഒന്നിന് 1500 രൂപയ്ക്കാണ് വില്‍ക്കുന്നതെന്ന് പ്രതികള്‍ സമ്മതിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com