തൊഴിലാളികൾ 24 മണിക്കൂർ മുമ്പ് ടോക്കൺ വാങ്ങണം; ചെറിയ യാനങ്ങൾക്ക്‌ കടലിൽ പോകാൻ അനുമതി

ജില്ലവിട്ട്‌ ജോലിക്ക്‌ പോകുന്നതിൽ വിലക്കുണ്ട്‌.  യാനത്തിന്റെ ഉടമ ഇത്‌ ഉറപ്പാക്കണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : മൽസ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് കൂടുതൽ ഇളവ് നൽകി. പരമ്പരാഗത യാനങ്ങൾക്കു പുറമെ അഞ്ചുപേർ പണിയെടുക്കുന്ന യന്ത്രവൽക്കൃത യാനങ്ങൾക്കും മത്സ്യബന്ധനത്തിന്‌  പോകാനാണ് സർക്കാർ അനുമതി നൽകിയത്. 25 കുതിരശക്തിവരെ ഔട്ട്‌ബോർഡ്‌ എൻജിൻ ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന പരമ്പരാഗത യാനങ്ങൾക്കും 32 അടയിൽതാഴെ നീളമുള്ളതും അതത്‌ ദിവസം മത്സ്യബന്ധനം നടത്തി മടങ്ങുന്നതുമായ  യന്ത്രവൽക്കൃത യാനങ്ങൾക്കും മൽസ്യബന്ധനത്തിന് ഫിഷറീസ്‌ വകുപ്പ്‌ അനുമതി നൽകി.

വ്യക്തിസുരക്ഷയും സാമൂഹിക അകലവും  ഉറപ്പാക്കിയുള്ള മത്സ്യബന്ധനത്തിനും അനന്തരനടപടികൾക്കും മാത്രമാണ്‌ അനുമതി നൽകിയിട്ടുള്ളത്. ഇതിന്റെ  ഏകോപന ചുമതല ഹാർബർ മാനേജ്‌മെന്റ്‌ സൊസൈറ്റികൾക്കാണ്‌. ജില്ലകളിൽ മത്സ്യബന്ധന തുറമുഖങ്ങളിലും കരയ്‌ക്കടുപ്പിക്കൽ കേന്ദ്രങ്ങളിലും നിരീക്ഷണ ബൂത്തുകൾ പ്രവർത്തിക്കും. യാനങ്ങൾ പുറപ്പെടുന്ന കേന്ദ്രത്തിൽത്തന്നെ മടങ്ങിയെത്തണം. തൊഴിലാളികൾക്ക്‌ എന്തെങ്കിലും രോഗ ലക്ഷണം കണ്ടാൽ അടിയന്തരമായി നിരീക്ഷണ ബൂത്തിലെ നോഡൽ ഓഫീസറുമായി ബന്ധപ്പെടണം.  

കടലിൽ പോകുന്ന തൊഴിലാളികൾ 24 മണിക്കൂറിനുമുമ്പേ നിരീക്ഷണ ബൂത്തിൽനിന്ന്‌ ടോക്കൺ വാങ്ങണം. ജില്ലവിട്ട്‌ ജോലിക്ക്‌ പോകുന്നതിൽ വിലക്കുണ്ട്‌.  യാനത്തിന്റെ ഉടമ ഇത്‌ ഉറപ്പാക്കണം. തുറമുഖങ്ങളിലും മത്സ്യം കരയ്‌ക്കടുപ്പിക്കൽ കേന്ദ്രങ്ങളിലും യാനങ്ങൾ കൂട്ടത്തോടെ മടങ്ങിയെത്തുന്നത്‌ ഒഴിവാക്കണം. ഹാർബറുകളും മത്സ്യം കരയ്‌ക്കടുപ്പിക്കൽ കേന്ദ്രങ്ങളും  ദിവസവും അണുവിമുക്തമാക്കണം.  കരയ്‌ക്കെത്തിക്കുന്ന മത്സ്യത്തിന്റെ വില ഹാർബർ മാനേജ്‌മെന്റ്‌ സൊസൈറ്റികൾ നിശ്ചയിക്കും. ഈ വിലയ്‌ക്ക്‌ മത്സ്യവിൽപ്പന ഉറപ്പാക്കുന്ന ചുമതല ഫിഷറീസ്‌, മത്സ്യഫെഡ്‌ ഉദ്യോഗസ്ഥർക്കായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com