'മുരളീധരന്റെത് ശുദ്ധവിവരക്കേട്'; കേന്ദ്രമന്ത്രിക്ക് യോജിക്കാത്ത പരാമര്‍ശം

അങ്ങനെയൊരു നിലപാട് കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന്. അങ്ങനെ ഉണ്ടായെങ്കില്‍ അത് ശുദ്ധവിവരക്കേടാണ്
'മുരളീധരന്റെത് ശുദ്ധവിവരക്കേട്'; കേന്ദ്രമന്ത്രിക്ക് യോജിക്കാത്ത പരാമര്‍ശം

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുരളീധരന്റെത്  ഒരു വിവരമില്ലാത്ത മറുപടിയാണ്. കേന്ദ്രമന്ത്രിസ്ഥാനത്തിന് ചേര്‍ന്ന പ്രതികരണമല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. എവിടെ ആലോചിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്. സാധാരണഗതിയില്‍ സംസ്ഥാനത്ത് ആലോചിക്കാനുള്ള സംവിധാനങ്ങളുണ്ട്. ആ സംവിധാനങ്ങളുമായി ആലോചിച്ചിട്ട് തന്നെയാണ് അത്തരമൊരു നിലപാട് എടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കിയിലും കോട്ടയത്തും വലിയ തോതില്‍ എണ്ണം വര്‍ധിച്ചപ്പോഴാണ് സര്‍ക്കാര്‍ ആ നിലപാട് സ്വീകരിച്ചത്. ഞാനിപ്പോഴും വിശ്വസിക്കുന്നില്ല അങ്ങനെയൊരു നിലപാട് കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന്. അങ്ങനെ ഉണ്ടായെങ്കില്‍ അത് ശുദ്ധവിവരക്കേടാണ് മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കിയിലെയും കോട്ടയത്തെയും ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയതിനെതിരെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. 'അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് നാം ഇടുക്കിയിലും കോട്ടയത്തും കാണുന്നത്.എറ്റവും സുരക്ഷിതമായ ഗ്രീന്‍ സോണാക്കിയായിരുന്നു ഇടുക്കി, കോട്ടയം ജില്ലകളെ കേരളത്തിലെ ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആ ജാഗ്രതക്കുറവ് ഇപ്പോള്‍ എവിടെയെത്തിച്ചെന്ന് കണ്ടില്ലേ? പറഞ്ഞുതീരുംമുമ്പേ ഗ്രീന്‍ സോണ്‍, റെഡ് സോണായി മാറി. കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിനാകെ മാതൃകയെന്നാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പി.ആറുകാരും ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വീണ്ടുമുണ്ടായ ഈ രോഗ വ്യാപനം സര്‍ക്കാരിന്റെ കയ്യിലിരുപ്പുകൊണ്ടാണെന്ന് പറയാതിരിക്കാനാകില്ല'  വി മുരളീധരന്‍ പറഞ്ഞു.

'മറ്റുള്ളവര്‍ സര്‍ക്കാരിനെക്കുറിച്ച് മേനി പറയുന്നത് കേട്ട് , കണ്ണുമഞ്ഞളിച്ചുപോയ പിണറായി വിജയനും കൂട്ടരും ഇനിയെങ്കിലും യാഥാര്‍ഥ്യബോധത്തോടെ പെരുമാറണം. എന്നിട്ട് സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകള്‍ വ്യാപകമായി നടത്തണം. എങ്കിലേ സാമൂഹ്യ വ്യാപനം ഉണ്ടായോ എന്ന് അതിവേഗം തിരിച്ചറിയാനാകൂ. അല്ലെങ്കില്‍ ഈ വൈറസ് നമ്മുടെ നാടിനെ വിഴുങ്ങുന്നതാകും ഫലം. അതീവ ജാഗ്രത തുടരാം. അതില്‍ വിട്ടുവീഴ്ച ഇനി പാടില്ലെന്നും' മുരളീധരന്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com