കടവൂർ ജയൻ വധം : ആർഎസ്എസുകാരായ ഒമ്പതു പ്രതികളും കുറ്റക്കാരെന്ന് കോടതി ; ശിക്ഷ വെള്ളിയാഴ്ച

ജയൻ ആർഎസ്എസ് വിട്ടതിലുള്ള വൈരാഗ്യം മൂലമാണ് കൊലപാതകമെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ കോടതി ശരിവച്ചു
കടവൂർ ജയൻ വധം : ആർഎസ്എസുകാരായ ഒമ്പതു പ്രതികളും കുറ്റക്കാരെന്ന് കോടതി ; ശിക്ഷ വെള്ളിയാഴ്ച

കൊല്ലം : ആർഎസ്എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ വധിച്ച കേസിൽ ഒൻപത് പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊല്ലം ജില്ലാ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. കേസിൽ വെള്ളിയാഴ്ച വിധി പറയും.  ജയൻ ആർഎസ്എസ് വിട്ടതിലുള്ള വൈരാഗ്യം മൂലമാണ് കൊലപാതകമെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ കോടതി ശരിവച്ചു.

ആർഎസ്എസിൻറെ സജീവ പ്രവർത്തകരായ വിനോദ്, ഗോപകുമാർ, സുബ്രഹ്മണ്യൻ, പ്രിയരാജ്, പ്രണവ്, അരുൺ ശിവദാസൻ, രജനീഷ്, ദിനരാജൻ, ഷിജു എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. 2012 ഫെബ്രുവരി ഏഴിനാണ് ആർഎസ്എസ് പ്രവർത്തകനായിരുന്ന കടവൂർ ജയൻ കൊല്ലപ്പെട്ടത്. കൊല്ലം കടവൂര്‍ ജങ്ഷന് സമിപം വച്ച്  ഒന്‍പത് അംഗ സംഘം പട്ടാപ്പകലാണ് ജയനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഘടന വിട്ടതിന്റെ വൈരാഗ്യത്തിൽ ജയനെ ആർഎസ്എസ് പ്രവർത്തകർ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.  

കേസിലെ ഒൻപത് പ്രതികളും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷനൽ സെഷൻസ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഒൻപത് പേർക്കും ജീവപര്യന്തം തടവും ഓരോ ലക്ഷം രൂപയും പിഴയും കോടതി വിധിച്ചു. എന്നാൽ, ജില്ലാ കോടതി നടപടികളിൽ വീഴ്ച്ചയുണ്ടെന്ന് കാട്ടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. 

ഒന്നാം സാക്ഷിയായി അന്വേഷണ സംഘം കോടതിയില്‍ എത്തിച്ച ആള്‍ കള്ളസാക്ഷിയാണന്നും  കോടതിയില്‍ ഹാജരാക്കിയ ആയുധങ്ങള്‍ കൊലപാതകത്തിന് ഉപയോഗിച്ചതല്ലെന്നുമായിരുന്നു വാദം. പ്രതികളുടെ വാദം അംഗീകരിച്ച കോടതി കേസ് വീണ്ടും വാദം കേൾക്കാൻ നിർദേശിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ അഞ്ച് ദിവസം പുനർവാദം നടന്നു. അതിനു ശേഷമാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com