കരിപ്പൂരില്‍ വിമാനം 35 അടി താഴ്ചയിലേക്ക് മറിഞ്ഞു; മുന്‍ഭാഗം രണ്ടായി പിളര്‍ന്നു; പൈലറ്റും രണ്ട് യാത്രക്കാരും മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

ദുബായില്‍ നിന്നുള്ള വിമാനത്തില്‍ 180 യാത്രക്കാര്‍ ഉണ്ടായിരുന്നു 
കരിപ്പൂരില്‍ വിമാനം 35 അടി താഴ്ചയിലേക്ക് മറിഞ്ഞു; മുന്‍ഭാഗം രണ്ടായി പിളര്‍ന്നു; പൈലറ്റും രണ്ട് യാത്രക്കാരും മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മഴകാരണം റണ്‍വേയില്‍ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണു. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. പൈലറ്റ് തത്ക്ഷണം മരിച്ചു. രണ്ട് യാത്രക്കാര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സഹപൈലറ്റിന്റെ
ആരോഗ്യനില അതീവ ഗുരുതരമാണ്. കനത്തമഴയെ തുടര്‍ന്നാണ് വിമാനം തെന്നിമാറിയതെന്നാണ് സൂചന.

ലാന്‍ഡിങ്ങിനിടെ റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടേബിള്‍ ടോപ് റണ്‍വേയില്‍നിന്നു താഴേക്കു വീഴുകയായിരുന്നെന്നു വിവരം. വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു.

8:15 ഓടെയാണ് അപകടം നടന്നത്. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. 177 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. 100ല്‍ അധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

ഫയര്‍ ഫോഴ്‌സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യാത്രക്കാരെ വിമാനത്തില്‍നിന്ന് ഒഴിപ്പിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മുന്‍ഭാഗത്തുളളവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അവരെ കോഴിക്കോട്ടെ  ആശുപത്രിയിലേക്ക് കൊണ്ടുപോയി.രക്ഷാപ്രവര്‍ത്തനം തുടരുന്നു. വാഹനമുള്ള സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിന് വാഹനവുമായി എത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രദേശവാസികളോട് അപകടം നടന്ന വിമാനത്തിന്റെ സമീപത്തേക്ക് എത്തരുത് എന്നും നിര്‍ദേശം.

ടബിള്‍ ടോപ് റണ്‍വേ ആയതിനാല്‍ വിമാനം നിയന്ത്രിക്കാന്‍ കഴിയാതെ പോയതാണ് അപകട കാരണമെന്നാണു ആദ്യ നിഗമനം. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജില്ലയിലെ 32 108 ആംബുലന്‍സുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിമാനത്താവളത്തിലേക്ക് വിന്യസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com