'അപകടകാരണം റണ്‍വേയിലെ വഴുക്കല്‍' ; കേന്ദ്ര വ്യോമയാനമന്ത്രി കരിപ്പൂരിലേക്ക്

ദുബായില്‍ നിന്നും എത്തിയ വിമാനത്തില്‍ 190 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്തിന് തീപിടിക്കാതിരുന്നത് ഭാഗ്യമായി
'അപകടകാരണം റണ്‍വേയിലെ വഴുക്കല്‍' ; കേന്ദ്ര വ്യോമയാനമന്ത്രി കരിപ്പൂരിലേക്ക്

ന്യൂഡല്‍ഹി : കനത്ത മഴയെത്തുടര്‍ന്നുണ്ടായ വഴുക്കലിനെ തുടര്‍ന്ന് വിമാനം തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യാമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. പ്രതികൂല കാലാവസ്ഥയായിട്ടും പൈലറ്റ് കരിപ്പൂരിലെ ടേബിള്‍ ടോപ് റണ്‍വേയില്‍ വിമാനം ഇറക്കാന്‍ പരിശ്രമിച്ചു. എന്നാല്‍ വഴുക്കലുള്ള സാഹചര്യത്തില്‍ വിമാനം തെന്നിപ്പോകുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ എയര്‍ ഇന്ത്യാ വിമാനമാണ്. ദുബായില്‍ നിന്നും എത്തിയ വിമാനത്തില്‍ 190 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്തിന് തീപിടിക്കാതിരുന്നത് ഭാഗ്യമായി. അല്ലെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചേനെ. അപകടം നടന്ന കരിപ്പൂരിലേക്ക് പുറപ്പെടുകയാണെന്നും വ്യോമയാനമന്ത്രി പറഞ്ഞു. 

അതിനിടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, വ്യോമയാന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ട് അതോറിട്ട് ഓഫ് ഇന്ത്യ, എയര്‍ നാവിഗേഷന്‍ സര്‍വീസ് അംഗങ്ങള്‍ തുടങ്ങിയവയുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരയോഗം വിളിച്ചു ചേര്‍ത്തത്. 

ഇന്നലെ രാത്രി 7.52 നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുരന്തം ഉണ്ടായത്. കരിപ്പൂരിലിറങ്ങിയ ഐ.എക്‌സ്. 344 ദുബായ്  കോഴിക്കോട് വിമാനമാണ് 7.52ന് അപകടത്തില്‍പ്പെട്ടത്.വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി 120 അടി താഴേക്കുപതിച്ച് രണ്ടായി മുറിഞ്ഞു. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. കോക്പിറ്റ് ഉള്‍പ്പെടുന്ന ഭാഗം മതിലില്‍ ഇടിച്ചാണ് നിന്നത്. വലത് ചിറക് തകര്‍ന്ന് തെറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com