നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു ; പെട്ടിമുടി ദുരന്തത്തില്‍ മരണം 47 ആയി 

സമീപത്തെ പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചും, പൊലീസ് ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുമാണ് തെരച്ചില്‍ പുരോഗമിക്കുന്നത്
നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു ; പെട്ടിമുടി ദുരന്തത്തില്‍ മരണം 47 ആയി 

മൂന്നാര്‍ : മണ്ണിടിച്ചിലുണ്ടായ രാജമലയിലെ പെട്ടിമുടിയില്‍ നിന്നും നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി. ഇനിയും 24 പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമീപത്തെ പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചും, മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് പൊലീസ് ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുമാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് ഒലിച്ചെത്തിയ വലിയ പാറക്കൂട്ടങ്ങളാണ് തെരച്ചിലിന് തടസ്സമാകുന്നത്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിച്ചും രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. അവസാനത്തെ ആളെയും കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് വനംമന്ത്രി കെ രാജു പറഞ്ഞു. 

നൂറിലേറെ പൊലീസും അഗ്‌നിശമന സേനാ ജീവനക്കാരും' അന്‍പതിലേറെ റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവരികയാണ്. ഇവരെയെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായാകും ആന്റിജന്‍ പരിശോധന നടത്തുക. ഇന്നലെ 10 പേര്‍ക്ക് പരിശോധന നടത്തിയിരുന്നു. ആര്‍ക്കും കോവിഡ് പൊസിറ്റീവ് ഇല്ലെന്നത് ആശ്വാസമായി. 

അതേസമയം കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച അഗ്‌നിശമന സേനാ ജീവനക്കാരന് കാര്യമായ സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി. ആലപ്പുഴയില്‍ നിന്നുള്ള അഗ്‌നിശമന സേനാഗത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സംഘത്തെ പൂര്‍ണ്ണമായും ക്വാറന്റെനിലാക്കി. ഈ സംഘത്തിലുള്ളവരുമായല്ലാതെ ഇയാള്‍ക്ക് പ്രാഥമിക സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നാണ് സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com