'എല്ലായിടത്തും ഓണ്‍ലൈന്‍ ക്ലാസാ; എന്റെ വീട്ടില്‍ ഇപ്പോഴും കരണ്ടുപോലുമില്ല'; ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ  പ്രശ്‌നം പരിഹരിച്ച് ജില്ലാകലക്ടര്‍

വീടിനടുത്ത് പോസ്റ്റുവരെ കൊണ്ടിട്ടു. വയറിംഗും കഴിഞ്ഞു. എന്നിട്ടും ഇതുവരെയും കരണ്ട് കിട്ടിയില്ല
'എല്ലായിടത്തും ഓണ്‍ലൈന്‍ ക്ലാസാ; എന്റെ വീട്ടില്‍ ഇപ്പോഴും കരണ്ടുപോലുമില്ല'; ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ  പ്രശ്‌നം പരിഹരിച്ച് ജില്ലാകലക്ടര്‍

പത്തനംതിട്ട: 'എനിക്ക് പഠിക്കണം സാറേ... ഞങ്ങക്ക് കരണ്ട് ഒന്ന് തരാന്‍ പറ സാറേ. എനിക്ക് അതു മാത്രംമതി...''ട്രൈബല്‍ സ്‌കൂളിലെ ക്യാമ്പിലെത്തിയ ജില്ല കലക്ടര്‍ പിബി നൂഹിനോട് ജ്യോതിയുടെ അഭ്യര്‍ത്ഥന ഇതുമാത്രമായിരുന്നു. ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ ആശ്വസിപ്പിച്ച് അടുത്തിരുത്തി കലക്ടര്‍ പറഞ്ഞു. ''കരയാതിരിക്ക് മോളേ... നമുക്ക് പരിഹാരമുണ്ടാക്കാം. എന്താ മോളുടെ പേര്? എന്താ പ്രശ്‌നം എന്നോട് പറയൂ...''.

''സാറേ എന്റെ പേര് ജ്യോതി ആദിത്യ. ഞാന്‍ കണമല സെന്റ് തോമസ് യു.പി.സ്‌കൂളില്‍ ഏഴാം ക്ലാസിലാ പഠിക്കുന്നേ. എനിക്ക് പഠിക്കണം. ഇപ്പോ എല്ലായിടത്തും ഓണ്‍ലൈന്‍ ക്ലാസാ. എന്റെ വീട്ടില്‍ ഇപ്പോഴും കരണ്ടുപോലുമില്ല. വീടിനടുത്ത് പോസ്റ്റുവരെ കൊണ്ടിട്ടു. വയറിംഗും കഴിഞ്ഞു. എന്നിട്ടും ഇതുവരെയും കരണ്ട് കിട്ടിയില്ല. അച്ഛന് കൂലിപ്പണിയാ. വല്ലപ്പോഴുമേ ഇപ്പോ പണിയുള്ളു. പലപ്പോഴും ഞങ്ങള്‍ പട്ടിണിയാ. ഞാന്‍ ക്യാമ്പില്‍ വരുന്നത് ആഹാരം കഴിക്കാന്‍ വേണ്ടിയാ സാറേ. എനിക്ക് പഠിക്കണം...'' ജ്യോതി ആദിത്യ പറഞ്ഞത് ശാന്തമായി കേട്ട കലക്ടര്‍ പരിഹാരവും ഉണ്ടാക്കി. 

അടുത്ത തിങ്കളാഴ്ച ജ്യോതിയെ കാണാന്‍ താന്‍ എത്തുമെന്നും അപ്പോള്‍ വീട്ടില്‍ കരണ്ടുണ്ടായിരിക്കുമെന്നും പഠിക്കാനുള്ള സൗകര്യങ്ങളും ചെയ്തുതരുമെന്നും ഉറപ്പ് നല്‍കിയാണ് കലക്ടര്‍ കുട്ടിയെ ആശ്വസിപ്പിച്ചത്.  അട്ടത്തോട് െ്രെടബല്‍ സ്‌കൂളിലെ ക്യാമ്പിലെത്തിയപ്പോഴാണ് മുട്ടുമണ്ണില്‍ സതീശന്റെയും മോനിഷയുടേയും മൂത്ത മകളായ ജ്യോതി ആദിത്യ തന്റെ കുഞ്ഞുകുഞ്ഞ് ആവശ്യങ്ങള്‍ കലക്ടര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

ക്യാമ്പിലുള്ളവരോട് വീടിനായി നിര്‍ബന്ധമായും അപേക്ഷിക്കണമെന്നും അപേക്ഷിക്കാനുള്ള സമയമാണിതെന്നും ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു.  മഴയ്ക്ക് ശേഷം റാന്നി താലൂക്കിനായി ഒരു അദാലത്ത് സംഘടിപ്പിക്കുമെന്നും ഉറപ്പ് കൊടുത്താണ് കലക്ടര്‍ അവിടെ നിന്നും മടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com