സ്വാതന്ത്യദിനത്തില്‍ ഇവരാണ് യഥാര്‍ത്ഥ പോരാളികള്‍; ശ്രദ്ധ നേടി പൊന്നാനിക്കാരി അനുപമയുടെ വര  

ആരോഗ്യ പ്രവര്‍ത്തകരുടെ നിറമുള്ള നന്മയാണ് അനുപമയുടെ ചിത്രത്തില്‍ നിറയുന്നത്
സ്വാതന്ത്യദിനത്തില്‍ ഇവരാണ് യഥാര്‍ത്ഥ പോരാളികള്‍; ശ്രദ്ധ നേടി പൊന്നാനിക്കാരി അനുപമയുടെ വര  

കോവിഡ് മഹാമാരിക്കെതിരെ ലോകം ഒന്നടങ്കം പോരാടുമ്പോഴാണ് രാജ്യം മറ്റൊരു സ്വാതന്ത്യ ദിനം ആഘോഷിക്കുന്നത്. 2020ന്റെ തുടക്കം മുതല്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം എന്ന് അവസാനിക്കും എന്ന ആശങ്കയാണ് പലര്‍ക്കും. ജോലിയും സാമ്പത്തിക ഭദ്രതയുമെല്ലാം കൈമോശം വന്നവര്‍ ഏറെയുണ്ട്. അതുകൊണ്ടുതന്നെ കോവിഡ് മഹാമാരിയില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് ഇന്ന് ആളുകള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്.

കോവിഡ് പോരാട്ടത്തിനിടയില്‍ കടന്നുവന്ന സ്വാതന്ത്ര്യദിനത്തില്‍ യഥാര്‍ത്ഥ പോരാളികള്‍ക്കുള്ള ആദരമാണ് പത്തൊന്‍പതുകാരിയായ അനുപമയുടെ വിരലുകള്‍ സൃഷ്ടിച്ചത്. മഹാമാരിയുടെ ഈ കാലത്ത് രാവും പകലും പ്രയത്‌നിക്കുന്ന സ്വന്തം ജീവന് പോലും ഭീഷണിയാകുമെന്ന് അറിഞ്ഞിട്ടും സേവനസന്നദ്ധരായി ഇറങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിറമുള്ള നന്മയാണ് അനുപമയുടെ ചിത്രത്തില്‍ നിറയുന്നത്. ഇപ്പോഴത്തെ സാഹചര്യവുമായി ബന്ധപ്പെടുത്തി സ്വാതന്ത്ര്യ ദിനത്തില്‍ ഒരു ചിത്രം വരയ്ക്കണമെന്ന് ചിന്തിച്ചപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരാണ് അനുപമയുടെ മനസ്സില്‍ ആദ്യമെത്തിയത്. 

ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് സമാനമായ മറ്റൊരു ചിത്രം അനുപമ കണ്ടത്. ആ ചിത്രത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് അനുപമയും വരച്ചത്. ഒരു മണിക്കൂര്‍ കൊണ്ട് വരച്ചുതീര്‍ത്ത ഈ ചിത്രം കോളജിലെ എന്‍എസ്എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെയ്തതാണ്.

മഹാരാജാസില്‍ രണ്ടാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിനിയായ അനുപമ സംസ്ഥാന തല മത്സരങ്ങളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ അഞ്ച് വർഷം തുടർച്ചയായി സമ്മാനങ്ങൾ നേടിയ അനുപമ സർവകലാശാല കലോത്സവത്തിലും മികവു കാട്ടി. ഡിജിറ്റൽ പെയിന്റിങ്, വാട്ടർ കളറിങ്, ഓയിൽ പെയിന്റിങ്, പെൻസിൽ ഡ്രോയിങ് എന്നിങ്ങനെ നീളുന്നു അനുപമയുടെ മേഖലകൾ. ലോക്ക്ഡൗണ്‍ കാലത്ത് പലരും ഇഷ്ടവിനോദങ്ങള്‍ ചെയ്ത് ദിവസങ്ങള്‍ തള്ളിനീക്കിയപ്പോള്‍ അനുപമയും ചിത്രം വരയിലൂടെയാണ് സമയം ചിലവിട്ടത്. കലാപരമായ കഴിവുകൾക്ക് പുറമേ പഠനത്തിലും മിടുക്കിയാണ് ഈ പൊന്നാനിക്കാരി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com