20 വർഷം മുൻപ് കളഞ്ഞുപോയ സ്വർണകമ്മൽ, കണ്ടുകിട്ടിയത് തൊഴിലുറപ്പ് ജോലിക്കാർക്ക്; 85 കാരിക്ക് പത്തരമാറ്റ് സന്തോഷം

വീട്ടിലെ കിണറിനു സമീപത്താണ് കമ്മൽ നഷ്ടമായത്
20 വർഷം മുൻപ് കളഞ്ഞുപോയ സ്വർണകമ്മൽ, കണ്ടുകിട്ടിയത് തൊഴിലുറപ്പ് ജോലിക്കാർക്ക്; 85 കാരിക്ക് പത്തരമാറ്റ് സന്തോഷം

കാസർകോട്; 2000 ൽ ആണ് 85 കാരിയായ നാരായണിയുടെ സ്വർണകമ്മൽ കളഞ്ഞുപോയത്. കല്യാണത്തിന് അച്ഛനും അമ്മയും വാങ്ങിത്തന്ന ജിമിക്കി കമ്മലായിരുന്നു. അതുകൊണ്ട് നഷ്ടപ്പെട്ടപ്പോൾ ഭയങ്കര സങ്കടമായിരുന്നു. അമ്മയുടെ വിഷമം കണ്ട് അതുപോലൊരു കമ്മൽ വാങ്ങിനൽകിയെങ്കിലും ആ നഷ്ടത്തിന്റെ വേദന കുറഞ്ഞില്ല. 20 വർഷങ്ങൾക്ക് ശേഷം പ്രിയപ്പെട്ട കമ്മൽ  ആ അമ്മയ്ക്ക് തിരിച്ചുകിട്ടിയിരിക്കുകയാണ്. 

കാസർകോട്  ബേഡഡുക്കയിലാണ് സംഭവം. നാരായണിയുടെ സ്ഥലത്ത് തൊഴിലുറപ്പു ജോലിക്കെത്തിയ ബേബിക്കും സംഘത്തിനുമാണ് കമ്മൽ ലഭിച്ചത്. വീട്ടിലെ കിണറിനു സമീപത്താണ് കമ്മൽ നഷ്ടമായത്. തിരികെ കിട്ടിയത് സമീപത്തു കരനെൽക്കൃഷിക്കു മണ്ണൊരുക്കുമ്പോൾ. കിണറിനടുത്തെ മണ്ണ് കുറച്ചു നാൾ മുൻപ് മണ്ണു മാന്തി ഉപയോഗിച്ച് കമ്മൽ കണ്ടെത്തിയ സ്ഥലത്തേക്കു മാറ്റിയിരുന്നു.

മൂന്നുപറ നെല്ല് സ്വർണപ്പണിക്കാർക്കു കൊടുത്താണ് അച്ഛനും അമ്മയും കല്യാണത്തിന് തനിക്ക് കമ്മൽ വാങ്ങിത്തന്നത് എന്നാണ് നാരായണി പറയുന്നത്. കമ്മൽ നഷ്ടപ്പെടുമ്പോൾ പവന് 4000 രൂപയിൽ താഴെയായിരുന്നു വില. ഇന്നലെ 40,000 രൂപയ്ക്ക് അടുത്തും.കമ്മൽ കിട്ടിയപ്പോൾ നാരായണിയുടെ മുഖത്തുണ്ടായ പത്തരമാറ്റിന്റെ ചിരിയാണ് ‍ഞങ്ങൾക്കു കിട്ടിയ സമ്മാനമെന്നു തൊഴിലാളി ബേബിയും സംഘവും പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com