ഇനി ‘സവാരി’യിൽ പോകാം ; സർക്കാർ പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സർവീസ് വരുന്നു

സർക്കാരിനു കൂടി പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സേവനം രാജ്യത്ത് ആദ്യമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : ഓൺലൈൻ ടാക്സി സർവീസ് രം​ഗത്തേക്ക് കൂടി കാലെടുത്തുവെക്കാൻ സംസ്ഥാനസർക്കാർ. സർക്കാരിനു പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സർവീസ് ആരംഭിക്കുന്നു. ‘സവാരി’ എന്നാണ് പേര്. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡും പാലക്കാട് കഞ്ചിക്കോടുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസും (ഐടിഐ) ചേർന്നുള്ള സംരംഭത്തിന്റെ അന്തിമ രൂപരേഖയായി. 

സർക്കാരിനു കൂടി പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സേവനം രാജ്യത്ത് ആദ്യമാണ്. ധനകാര്യം, ഐ.ടി, പൊലീസ് എന്നീ വകുപ്പുകളുടെ അംഗീകാരം കിട്ടിയ പദ്ധതി തൊഴിൽവകുപ്പുമായുള്ള കരാറിനുശേഷമാണ് നിലവിൽ വരുക. മാർച്ചിൽ കരാർ ഒപ്പിടാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് കാരണം നീണ്ടുപോയി. ഓണത്തിനുശേഷം നടപ്പാക്കാനുള്ള തീരുമാനത്തിലാണ് ക്ഷേമനിധി ബോർഡ്.

കളമശ്ശേരിയിലെ വി.എസ്.ടി. എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് സോഫ്റ്റ്‌വേർ തയ്യാറാക്കുന്നത്. പ്രാഥമികഘട്ടത്തിൽ 10 കോടി രൂപ ചെലവാക്കുന്നത് ഐ.ടി.ഐ. ആണ്. ക്ഷേമനിധി ബോർഡ് അംഗങ്ങളായ 10 ലക്ഷത്തോളം ടാക്സി കാർ, ഓട്ടോ ഉടമകളെയും തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ല മുഴുവൻ നടപ്പാക്കും. 

താമസിയാതെ എല്ലാ ജില്ലകളും ‘സവാരി’യുടെ പരിധിയിൽ വരുമെന്ന് ക്ഷേമനിധി ബോർഡ് ചെയർമാൻ എം എസ് സ്‌കറിയ പറഞ്ഞു. സ്വകാര്യ ഓൺലൈൻ ടാക്സി വന്നതിനെത്തുടർന്നുള്ള തൊഴിൽനഷ്ടം പുതിയ സംരംഭം ആരംഭിക്കുന്നതിലൂടെ നികത്താനാകുമെന്നാണ് പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com