ലൈഫ് മിഷന്‍ പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം ? ; മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചേക്കും 

ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ ഉപകരാര്‍ പുറത്തുവന്നതിന് പിന്നാലെ ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനോട് മന്ത്രി മൊയ്തീന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു
ലൈഫ് മിഷന്‍ പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം ? ; മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചേക്കും 

തിരുവനന്തപുരം : വിവാദമായ ലൈഫ് മിഷന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. വിജിലന്‍സ് അന്വേഷണം നടത്താനാണ് സാധ്യത. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കാതിരുന്നാല്‍ സംശയത്തിന്റെ പുകമറ സര്‍ക്കാരിനുണ്ടാകുമെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. 

ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ ഉപകരാര്‍ പുറത്തുവന്നതിന് പിന്നാലെ ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനോട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇന്നലെ വൈകിട്ട് മന്ത്രിയുടെ വസതില്‍ വിളിച്ചുവരുത്തിയാണ് വിശദീകരണം തേടിയത്. കരാറിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് യു വി ജോസ് അറിയിച്ചു. 

യൂണീടാക്കും കോണ്‍സുലേറ്റും തമ്മിലുള്ള കരാറിനെക്കുറിച്ച് അറിവുണ്ടായിരുന്നു. എന്നാല്‍ ലൈഫ് മിഷനെ ബാധിക്കുന്ന കാര്യമല്ലെന്ന വിലയിരുത്തലിലാണ് ഇടപെടാതിരുന്നതെന്നും യു വി ജോസ് അറിയിച്ചു. തുടർന്ന് കരാര്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ജോസിന് നിര്‍ദേശം നല്‍കി. 

ലൈഫ് മിഷൻ പദ്ധതി വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി പിണരായി വിജയനും ഫയലുകൾ വിളിച്ചുവരുത്തി പരിശോധന നടത്തിയിരുന്നു. ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്നയും സരിത്തും അടക്കമുള്ളവർ കോടിക്കണക്കിന് രൂപ കമ്മീഷൻ പറ്റിയതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com