സ്വപ്‌നയും ശിവശങ്കറും നിരന്തരം ഐഎസ്ആര്‍ഒ സന്ദര്‍ശിച്ചത് ഗുഢോദ്ദേശത്തോടെ ?; സ്വര്‍ണക്കടത്തു സംഘം ബഹിരാകാശ രഹസ്യങ്ങളും ചോര്‍ത്തി, അന്വേഷണം

ബംഗലൂരുവിലെ സന്ദര്‍ശനങ്ങള്‍ക്കിടെ സ്വപ്നയും ശിവശങ്കറും പ്രമുഖ ശാസ്ത്രജ്ഞരുമായി നക്ഷത്ര ഹോട്ടലില്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തി
സ്വപ്‌നയും ശിവശങ്കറും നിരന്തരം ഐഎസ്ആര്‍ഒ സന്ദര്‍ശിച്ചത് ഗുഢോദ്ദേശത്തോടെ ?; സ്വര്‍ണക്കടത്തു സംഘം ബഹിരാകാശ രഹസ്യങ്ങളും ചോര്‍ത്തി, അന്വേഷണം

തിരുവനന്തപുരം  :  തിരുവനന്തപുരം  സ്വര്‍ണക്കടത്ത് സംഘത്തില്‍പ്പെട്ടവര്‍ ഇന്ത്യയുടെ നിര്‍ണായക ബഹിരാകാശ രഹസ്യങ്ങളും ചോര്‍ത്തിയെടുത്ത് വിദേശരാജ്യങ്ങള്‍ക്കു വിറ്റതായി സംശയമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറി. തുടര്‍ന്ന് എന്‍ഐഎ സംഘം അന്വേഷണം ആരംഭിച്ചതായി സിപിഐ മുഖപത്രം ജനയുഗം റിപ്പോര്‍ട്ട് ചെയ്തു. 

സസ്‌പെന്‍ഷനിലുള്ള എം ശിവശങ്കറും സ്വപ്നാ സുരേഷും ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് നിരന്തരം സന്ദര്‍ശനം നടത്തിയത് ഗൂഢോദ്ദേശത്തോടുകൂടിയാണെന്ന് എന്‍ഐഎ കണ്ടെത്തി. രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങും (റോ) കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎയ്ക്ക് നല്‍കി. ഇതേത്തുടര്‍ന്ന് എന്‍ഐഎയുടെ അഞ്ചംഗസംഘം അന്വേഷണത്തിനായി ദുബായില്‍ എത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ബംഗലൂരുവിലെ നിരന്തര സന്ദര്‍ശനങ്ങള്‍ക്കിടെ ഇരുവരും ഐഎസ്ആര്‍ഒയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുമായി ഒരു നക്ഷത്ര ഹോട്ടലില്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു തെളിവ് ലഭിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റില്‍ സ്‌പേസ് പാര്‍ക്ക് പദ്ധതിക്ക് ശിവശങ്കറും ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി എസ് സോമനാഥും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പത്താംക്ലാസുകാരിയായ സ്വപ്നയെ സ്‌പേസ്പാര്‍ക്ക് കണ്‍സള്‍ട്ടന്റായി രണ്ടര ലക്ഷത്തോളം രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമിച്ചത്. 

ഐഎസ്ആര്‍ഒ ആസ്ഥാനം സ്ഥിതിചെയ്യുന്ന ബംഗലൂരുവിലെ അന്തരീക്ഷ ഭവനു സമീപത്ത് ബിഇഎല്‍ റോഡിലുള്ള ഒരു നക്ഷത്ര ഹോട്ടലിലാണ് ശിവശങ്കറും സ്വപ്നയും സ്ഥിരമായി താമസിച്ചിരുന്നത്. ഇവിടെ ഐഎസ്ആര്‍ഒയിലെ ചില ശാസ്ത്രജ്ഞരും വിദേശ ശാസ്ത്രജ്ഞരും ഇന്ത്യയിലെ ചില വിദേശ എംബസികളിലെ സൈനിക അറ്റാഷേമാരും ചര്‍ച്ചകള്‍ നടത്തിയതിന്റെ തെളിവുകളും എന്‍ഐഎ സംഘത്തിന്റെ കൈവശമുള്ളതായി റിപ്പോര്‍ട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com