കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട രേഖകളുമായി രണ്ടുപേര്‍ കൊച്ചിയിലേക്ക് പോയി; പിന്നാലെ തീപിടിത്തം

രണ്ടാം വട്ടമാണ് ഈ ഓഫിസില്‍ നിന്ന് എന്‍ഐഎയ്ക്ക് രേഖകള്‍ കൈമാറുന്നത്
കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട രേഖകളുമായി രണ്ടുപേര്‍ കൊച്ചിയിലേക്ക് പോയി; പിന്നാലെ തീപിടിത്തം

തിരുവനന്തപുരം  : സെക്രട്ടേറിയറ്റില്‍ പൊതുഭരണ വിഭാഗം (പൊളിറ്റിക്കല്‍) സെക്ഷനില്‍ തീപിടിത്തം ഉണ്ടായത് യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഏതാനും ഫയലുകള്‍ എന്‍ഐഎയ്ക്ക് കൈമാറിയതിന് പിന്നാലെയെന്ന് റിപ്പോര്‍ട്ട്. എന്‍ഐഎ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഈ ഓഫീസില്‍ നിന്നും രണ്ടുപേര്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട രേഖകളുമായി കൊച്ചിയില്‍ പോയത്. രണ്ടാം വട്ടമാണ് ഈ ഓഫിസില്‍ നിന്ന് എന്‍ഐഎയ്ക്ക് രേഖകള്‍ കൈമാറുന്നത്. 

ഇവിടുത്തെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണക്കള്ളക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷുമായും സരിത്തുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഉദ്യോഗസ്ഥരും പ്രതികളും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം സെക്രട്ടേറിയറ്റിലെ വാട്‌സാപ് ഗ്രൂപ്പുകളില്‍ ഒരാഴ്ചയായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ 3 വര്‍ഷമായി കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന എല്ലാ പ്രധാന പരിപാടികളിലും ആഘോഷങ്ങളിലും പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ സ്വപ്ന പ്രത്യേകം ക്ഷണിച്ചിരുന്നു. 

മുന്തിയ മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള സമ്മാനങ്ങളും നല്‍കിയിരുന്നു. ഇടയ്ക്കിടെ സ്വപ്നയും സരിത്തും പൊളിറ്റിക്കല്‍ വകുപ്പില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനു കീഴിലെ മന്ത്രിമാരോ ഉദ്യോഗസ്ഥരോ കോണ്‍സുലേറ്റുമായും മറ്റും ഇടപെടുമ്പോള്‍ ജിഎഡി പൊളിറ്റിക്കല്‍ വിഭാഗത്തെ അറിയിച്ചിരിക്കണമെന്നാണു ചട്ടം. യുഎഇ കോണ്‍സുലേറ്റ് അടക്കമുള്ള നയതന്ത്ര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകളാണ് അഗ്നിക്കിരയായത് എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. 

ചീഫ് സെക്രട്ടറിയുടെ ഓഫിസിനു തൊട്ടു മുകളിലാണ് തീപിടിത്തമുണ്ടായ ജിഎഡി പൊളിറ്റിക്കല്‍ വിഭാഗം. കോണ്‍സുലേറ്റ് ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ഡിപ്ലോമാറ്റിക് ഐഡി കാര്‍ഡ് നല്‍കല്‍, മന്ത്രിമാരുടെ വിദേശയാത്ര, മന്ത്രിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി സുപ്രധാന ചുമതലകളുള്ളതിനാല്‍ സുരക്ഷിതത്വം കണക്കിലെടുത്ത് കടലാസ് ഫയലുകളാണ് അധികവും. ഇ ഫയലിങ് ഉള്ളതിനാല്‍ ഫയലുകള്‍ എല്ലാം സുരക്ഷിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com