ആദ്യ നാലു ബാഗുകള്‍ അയച്ചത് ബംഗാള്‍ സ്വദേശി ; അവസാന രണ്ടെണ്ണം ഫൈസല്‍ ഫരീദ് ; സ്വര്‍ണക്കടത്തുകേസില്‍ നിര്‍ണായക കണ്ടെത്തല്‍

കള്ളക്കടത്തുസംഘം ആകെ കടത്തിയത് 166 കിലോ സ്വര്‍ണമെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്
ആദ്യ നാലു ബാഗുകള്‍ അയച്ചത് ബംഗാള്‍ സ്വദേശി ; അവസാന രണ്ടെണ്ണം ഫൈസല്‍ ഫരീദ് ; സ്വര്‍ണക്കടത്തുകേസില്‍ നിര്‍ണായക കണ്ടെത്തല്‍

ന്യൂഡല്‍ഹി : സ്വര്‍ണക്കടത്തുകേസില്‍ വിദേശത്തുനിന്നും ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി ബാഗേജ് അയച്ചവരെ തിരിച്ചറിഞ്ഞതായി സൂചന. ദേശീയ അന്വേഷണ ഏജന്‍സി ദുബായില്‍ നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. 

ദുബായില്‍ നിന്നും സ്വര്‍ണം അയച്ചവരെയാണ് കണ്ടെത്തിയത്. ആദ്യ നാലുതവണ സ്വര്‍ണം അയച്ചത് പശ്ചിമബംഗാള്‍ സ്വദേശി മുഹമ്മദിന്റെ പേരിലാണ്. യുഎഇ പൗരനായ ദാവൂദിന്റെ പേരിലാണ് അഞ്ചു മുതല്‍ 18 വരെയുള്ള നയതന്ത്ര ബാഗേജുകള്‍ അയച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പത്തൊമ്പതാം ബാഗ് അയച്ചത് ദുബായ് സ്വദേശി ഹാഷിമിന്റെ പേരില്‍. 20,21 ബാഗുകള്‍ വന്നത് ഫൈസല്‍ ഫരീദിന്റെ പേരിലാണ്. 21-മത്തെ ബാഗാണ് കസ്റ്റംസ് പിടികൂടിയത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കള്ളക്കടത്തുസംഘം ആകെ കടത്തിയത് 166 കിലോ സ്വര്‍ണമെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

കള്ളക്കടത്തിലെ മുഖ്യ ആസൂത്രകനായ കെ ടി റമീസിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു എന്‍ഐഎയുടെ അന്വേഷണം. ഈ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. യുഎഇ പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസല്‍ ഫരീദ്, അവസാന രണ്ട് കണ്‍സൈന്‍മെന്റുകള്‍ മാത്രമാണ് തനിക്ക് അറിവുള്ളൂ എന്നും മൊഴി നല്‍കിയിട്ടുണ്ട്. 

ദുബായിലുള്ള റബിന്‍സ് അടക്കമുള്ളവരാണ് നയതന്ത്ര ബാഗേജ് അയക്കുന്നതിന് വേണ്ട ആളുകളെ തെരഞ്ഞെടുത്തതെന്നും, വേണ്ട നടപടികള്‍ ചെയ്തതെന്നും ഫൈസല്‍ ഫരീദ് വെളിപ്പെടുത്തിയിട്ടുണ്ട്. റബിന്‍സ് അടക്കമുള്ളവരെ എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ പിടികൂടാനായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com