തദ്ദേശ തെരഞ്ഞെടുപ്പ് : കാന്‍ഡിഡേറ്റ് സെറ്റിങ് മറ്റന്നാൾ ; ഡമ്മിയില്‍ യഥാര്‍ത്ഥ ബാലറ്റിന്റെ നിറങ്ങള്‍ ഉപയോഗിക്കരുത്

ത്രിതല പഞ്ചായത്തുകളില്‍ ജില്ലാ  ബ്ലോക്ക്  ഗ്രാമ പഞ്ചായത്തുകളിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റുകളാണ് ഉപയോഗിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ പേരുകളും ചിഹ്നവും ക്രമീകരിക്കുന്ന കാന്‍ഡിഡേറ്റ് സെറ്റിങ് വെള്ളിയാഴ്ച നടക്കും. വരണാധികാരികളുടെ ഓഫിസുകളില്‍ സ്ഥാനാര്‍ഥികളുടേയും പ്രതിനിധികളുടേയും സാന്നിധ്യത്തിലാണു കാന്‍ഡിഡേറ്റ് സെറ്റിങ് നടക്കുന്നത്. ഇതിനായി വോട്ടിങ് മെഷീനുകള്‍ ഇന്നും നാളെയുമായി (ഡിസംബര്‍ 02, 03) അതത് റിട്ടേണിങ് ഓഫിസര്‍മാര്‍ക്കു വിതരണം ചെയ്യും. 

ത്രിതല പഞ്ചായത്തുകളില്‍ ജില്ലാ  ബ്ലോക്ക്  ഗ്രാമ പഞ്ചായത്തുകളിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റുകളാണ് ഉപയോഗിക്കുന്നത്. ഗ്രാമ പഞ്ചായത്തില്‍ വെള്ളയും ബ്ലോക്ക് പഞ്ചായത്തില്‍ പിങ്കും ജില്ലാ പഞ്ചായത്തില്‍ ഇളം നീലയും നിറത്തിലുള്ള ബാലറ്റ് ലേബലുകളാണ് പതിക്കുന്നത്. മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം 15ല്‍ കൂടുതലുണ്ടെങ്കില്‍ രണ്ടാമത് ഒരു ബാലറ്റ് യൂണിറ്റ് കൂടി ഉപയോഗിക്കും. കാന്‍ഡിഡേറ്റ് സെറ്റിങ്ങിനു ശേഷം കുറച്ചു മെഷീനുകളില്‍ മോക് പോള്‍ ചെയ്യും. ഇതിന്റെ ഫലം സ്ഥാനാര്‍ഥികളെ കാണിച്ചു പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി പിങ്ക് പേപ്പര്‍ സീല്‍ ചുറ്റും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കാന്‍ഡിഡേറ്റ് സെറ്റിങ്ങിനും കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ദേശിച്ചിട്ടുണ്ട്.  സ്ഥലസൗകര്യമുള്ളതും വായൂ സഞ്ചാരമുള്ളതുമായ ഹാളുകളാണ് കാന്‍ഡിഡേറ്റ് സെറ്റിങ്ങിന് ഒരുക്കേണ്ടത്. ഈ ഹാളുകള്‍ ഡിസംബര്‍ മൂന്നിന് അണുവിമുക്തമാക്കണം. ഒരു സ്ഥാനാര്‍ഥിക്ക് ഒരാള്‍ എന്ന നിലയിലാകും ഹാളിലേക്ക് പ്രവേശനം അനുവദിക്കുക. പരമാവധി 30 പേരെ മാത്രമേ ഹാളില്‍ അനുവദിക്കൂ. സാമൂഹിക അകലം നിര്‍ബന്ധമാണ്. 

കാന്‍ഡിഡേറ്റ് സെറ്റിങ് പൂര്‍ത്തിയാക്കി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സ്‌ട്രോങ് റൂമുകളിലേക്കു മാറ്റും. ഇവിടെനിന്നാകും പോളിങ് സാമഗ്രികളുടെ വിതരണം നടക്കുന്നത്. ഡിസംബര്‍ ഏഴിനാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ വോട്ടിങ് യന്ത്രങ്ങളും പോളിങ് സാമഗ്രികളും അതത് പോളിങ് ഓഫീസര്‍മാര്‍ക്ക് വിതരണം ചെയ്യുക.

പത്തിന് രണ്ടാംഘട്ട തെരഞ്ഞെടുപ്പുള്ള  ജില്ലകളിലേക്കുള്ള യന്ത്രങ്ങളുടെ വിതരണം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. ആറിനും ഏഴിനും യന്ത്രത്തിൽ സ്ഥാനാർഥികളുടെ പേര് പതിക്കും. 14ന് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന  ജില്ലകളിലേക്കുള്ള യന്ത്രങ്ങളുടെ വിതരണം എട്ടിനും ഒമ്പതിനുമാണ്‌. 10നും 11നും സ്ഥാനാർഥികളുടെ പേര് പതിക്കും.

യഥാര്‍ഥ ബാലറ്റിന്റെ വെള്ള, നീല, പിങ്ക് നിറങ്ങള്‍ ഡമ്മി ബാലറ്റില്‍ ഉപയോഗിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചു. ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസ്സല്‍ ബാലറ്റ് പേപ്പറിനോട് സാമ്യം പാടില്ല. സ്ഥാനാര്‍ഥി, പേര് ബാലറ്റ് പേപ്പറില്‍ എവിടെ വരുമെന്ന് സൂചിപ്പിക്കാന്‍ ഡമ്മി അച്ചടിക്കുന്നതിന് തടസ്സമില്ല. പക്ഷേ, മറ്റ്  സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പാടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com