സിദ്ദിഖ് കാപ്പനെതിരായ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍; യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

സിദ്ദിഖ് കാപ്പനെതിരായ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍; യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
സിദ്ദിഖ് കാപ്പനെതിരായ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍; യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഹാഥ്‌രസിലേക്കുള്ള യാത്രാമധ്യേ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രണ്ടു വര്‍ഷം മുമ്പ് പൂട്ടിപ്പോയ പത്രത്തിന്റെ പേരിലാണ് സിദ്ദിഖ് കാപ്പന്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. 

കാപ്പനെ അറസ്റ്റ് ചെയ്തതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് യുപി സര്‍ക്കാരിന്റെ വാദം. ഹര്‍ജിയുമായി ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്നും അതിനു തയാറുണ്ടോയെന്നും പത്രപ്രവര്‍ത്തകയൂണിയനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിനോട് കോടതി ആരാഞ്ഞു. ഇതേ കേസിലെ മറ്റു പ്രതികളുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഒരു മാസത്തെ നോട്ടീസാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നതെന്നും ഈ കേസ് സുപ്രീം കോടതി തന്നെ കേള്‍ക്കണമെന്നും കപില്‍ സിബല്‍ പറഞ്ഞു. കേസില്‍ കാപ്പന്റെ ഭാര്യയെ കക്ഷിചേര്‍ക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.

ആത്മഹത്യാ പ്രേരണാക്കേസില്‍ മാധ്യമ പ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം നല്‍കിയത് സിബല്‍ പരാമര്‍ശിച്ചു. ആ വിധിയുടെ പശ്ചാത്തലത്തില്‍ കാപ്പന്റെ കേസ് പരിഗണിക്കണമെന്ന് സിബല്‍ വാദിച്ചു. ഓരോ കേസും വ്യത്യസ്തമാണെന്നായിരുന്നു ഇതിനോട് കോടതിയുടെ പ്രതികരണം. 

പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തോടുള്ള പ്രതികരണം ഉടന്‍ ഫയല്‍ ചെയ്യുമെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് അറസ്റ്റിലായവര്‍ ശ്രമിച്ചതെന്ന് നേരത്തെ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു. കാപ്പല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫിസ് സെക്രട്ടറി ആണെന്നും കൂടെ അറസ്റ്റിലായവര്‍ കാംപസ് ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് സെക്രട്ടറിയാണെന്നത് തെറ്റായ ആരോപണമാണെന്ന് എതിര്‍ സത്യവാങ്മൂലത്തില്‍ യൂണിയന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com