പെണ്ണുകാണാന്‍ കൂട്ടിക്കൊണ്ടുപോയി, മുറിയില്‍ പൂട്ടി വ്യവസായിയുടെ നഗ്നചിത്രങ്ങളെടുത്തു, കവര്‍ച്ച ; ഒന്നാം പ്രതി അറസ്റ്റില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 02nd December 2020 08:38 AM  |  

Last Updated: 02nd December 2020 08:38 AM  |   A+A-   |  

arrest45

പ്രതീകാത്മക ചിത്രം

 


കൊച്ചി : വ്യവസായിയെ പെണ്ണു കാണാനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോയി കവര്‍ച്ച നടത്തിയ കേസില്‍ ഒന്നാം പ്രതി അറസ്റ്റിലായി. കോഴിക്കോട് കുറ്റിയാടി കായക്കൊടി മടയനാര്‍ പൊയ്യില്‍ വീട്ടില്‍ അജ്മല്‍ ഇബ്രാഹിമിനെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. എറണാകുളത്ത് ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതികള്‍ മൈസൂരുവില്‍ പെണ്ണുകാണാന്‍ എന്നു പറഞ്ഞ് എറണാകുളത്തെ ഫ്‌ലാറ്റില്‍ നിന്ന് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. 

മൈസൂരുവിലെ അജ്ഞാത സ്ഥലത്തെ വീട്ടില്‍ പ്രതികള്‍ വ്യവസായിയെ എത്തിച്ചു. വീട്ടില്‍ പെണ്‍കുട്ടിയും മാതാപിതാക്കളും അടക്കമുള്ള ആളുകള്‍ ഉണ്ടായിരുന്നു. കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ, പെണ്‍കുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ് വ്യവസായിയെ മുറിയില്‍ കയറ്റിയശേഷം മുറി പുറത്തു നിന്നും പൂട്ടി. 

ഉടന്‍ കര്‍ണാടക പൊലീസ് എത്തുമെന്ന് പറഞ്ഞ് സംഘാംഗങ്ങള്‍ വീട്ടിലെത്തുകയും മുറിയില്‍ കയറി വ്യവസായിയെ ഭീഷണിപ്പെടുത്തുകയും നഗ്നചിത്രങ്ങള്‍ എടുത്ത് കവര്‍ച്ചയ്ക്ക് ഇരയാക്കുകയുമായിരുന്നു. വ്യവസായിയില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ബ്ലാങ്ക് മുദ്രപത്രങ്ങളില്‍ ഒപ്പിട്ട് വാങ്ങുകയും ചെയ്തു. ശേഷം നാദാപുരത്ത് വ്യവസായിയെ ഇറക്കിവിട്ടു. 

പിന്നീട് വീണ്ടും ഭീഷണി മുഴക്കി രണ്ടുലക്ഷം രൂപ കൂടി കൈക്കലാക്കി. പീഡനക്കേസിലും മയക്കുമരുന്ന് കേസിലും ഉള്‍പ്പെടുത്തി പണം ആവശ്യപ്പെട്ട സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. കേസിലെ രണ്ടും മൂന്നും പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.