ബുറേവി ചുഴലിക്കാറ്റ് : അമിത് ഷാ കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരെ വിളിച്ചു ; തീരങ്ങൾ ജാ​ഗ്രതയിൽ ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 03rd December 2020 10:35 AM  |  

Last Updated: 03rd December 2020 10:41 AM  |   A+A-   |  

 

ന്യൂഡല്‍ഹി : ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരെ ടെലഫോണില്‍ ബന്ധപ്പെട്ടു.  കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അമിത് ഷാ മുഖ്യമന്ത്രിമാരായ പിണറായി വിജയനും എടപ്പാടി പളനിസ്വാമിക്കും ഉറപ്പു നല്‍കി. ഇരു സംസ്ഥാനങ്ങളിലേക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ് സംഘങ്ങളെ അയച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് സംസ്ഥാനം സ്വീകരിച്ച സുരക്ഷാ നടപടികള്‍ വിശദീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കന്‍ തീരത്തു നിന്നും ബുറേവി ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം കാറ്റ് പാമ്പന്‍ വഴി തമിഴ്‌നാട് തീരം തൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

തെക്കന്‍ കേരളം തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് (റെഡ് അലര്‍ട്ട്) പ്രഖ്യാപിച്ചു. കേരളത്തില്‍ ഇന്നു രാത്രിയോ നാളെ പുലര്‍ച്ചെയോടെയോ കാറ്റ് എത്തിയേക്കും. അതി തീവ്ര ന്യൂനമര്‍ദമായാകും കാറ്റ് പ്രവേശിക്കുകയെന്നാണ് സൂചന. കേരളത്തിൽ 65 കിലോമീറ്ററിലേറെ വേ​ഗതയിൽ കാറ്റും, അതി തീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.