'സര്‍ക്കാര്‍ കോളേജിന് മുസ്ലീംലീഗിന്റെ പ്രസിഡന്റിന്റെ പേരിടാന്‍ പ്രയാസമില്ലായിരുന്നു';  ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതില്‍ എന്ത് അയോഗ്യത

ഗോള്‍വാള്‍ക്കറുടെ പേര് ഇടാന്‍ പറ്റില്ലെങ്കില്‍ രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കിടന്ന കേരളത്തിലെ ഒരു ഇടത്പക്ഷ നേതാവിന്റെ പേരും കേരളത്തിലെ ഒരു സ്ഥാപനങ്ങള്‍ക്കും ഇടാന്‍ സാധിക്കില്ലല്ലോ
'സര്‍ക്കാര്‍ കോളേജിന് മുസ്ലീംലീഗിന്റെ പ്രസിഡന്റിന്റെ പേരിടാന്‍ പ്രയാസമില്ലായിരുന്നു';  ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതില്‍ എന്ത് അയോഗ്യത

കാസര്‍കോട്: രാജീവിഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിന് എന്ത് അയോഗ്യതയാണ് ഉള്ളതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഗോള്‍വാള്‍ക്കറുടെ പേര് ഇടാന്‍ പറ്റില്ലെങ്കില്‍ രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കിടന്ന കേരളത്തിലെ ഒരു ഇടത് പക്ഷ നേതാവിന്റെ പേരും കേരളത്തിലെ ഒരു സ്ഥാപനങ്ങള്‍ക്കും ഇടാന്‍ സാധിക്കില്ലല്ലോയെന്നും മന്ത്രി വി മുരളീധരന്‍ പറഞ്ഞു. 

ബനാറസ് ഹിന്ദുസര്‍വകലാശാലയിലെ സുവോളജി പ്രൊഫസര്‍ ആയിരുന്നു ഗോള്‍വാള്‍ക്കര്‍. മറൈന്‍ ബയോളജിയില്‍ പിഎച്ച്ഡി ചെയ്യുന്നതിനിടെ പഠനം മതിയാക്കിയാണ് ആര്‍ എസ് എസിലേക്ക് എത്തിയത്.കെ കരുണാകരന്‍ കോണ്‍ഗ്രസ് നേതാവും സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെയുമാണ് പെരിന്തല്‍മണ്ണയിലെ പൂക്കോയ തങ്ങള്‍ സ്മാരക കോളേജ് സ്ഥാപിക്കുന്നത്. സര്‍ക്കാര്‍ കോളേജിന് മുസ്ലീംലീഗിന്റെ പ്രസിഡന്റിന്റെ പേരിടാന്‍ കോണ്‍ഗ്രസിന് പ്രയാസമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും ആരാണ് സ്വര്‍ണം കൊടുത്തുവിട്ടതെന്നും ആരാണ് ഇത് ഉപയോഗിച്ചതെന്നും കണ്ടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് അന്വേഷണത്തിന്റെ അടിസ്ഥാനം. ഇക്കാര്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്‍ ഐ എയും കസ്റ്റംസുമെന്നും മുരളീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com