'സ്പീക്കറുടെ നേതൃത്വത്തിൽ അരങ്ങേറുന്നത് അടിമുടി ധൂർത്ത്; ഞെട്ടിപ്പിക്കുന്ന അഴിമതികൾ'- കടുത്ത ആരോപണങ്ങളുമായി ചെന്നിത്തല

'സ്പീക്കറുടെ നേതൃത്വത്തിൽ അരങ്ങേറുന്നത് അടിമുടി ധൂർത്ത്; ഞെട്ടിപ്പിക്കുന്ന അഴിമതികൾ'- കടുത്ത ആരോപണങ്ങളുമായി ചെന്നിത്തല
'സ്പീക്കറുടെ നേതൃത്വത്തിൽ അരങ്ങേറുന്നത് അടിമുടി ധൂർത്ത്; ഞെട്ടിപ്പിക്കുന്ന അഴിമതികൾ'- കടുത്ത ആരോപണങ്ങളുമായി ചെന്നിത്തല

കോഴിക്കോട്: സ്പീക്കറുടെ നേതൃത്വത്തിൽ നിയമസഭയിൽ നടന്നത് അടിമുടി ധൂർത്താണെന്ന കടുത്ത ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള നിയമസഭയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് നടന്നത്. സ്പീക്കറുടെ പക്ഷപാതിത്വവും നിയമസഭയിലെ ധൂർത്തും അഴിമതിയും ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ ക്ഷേമത്തിനായി ആരംഭിച്ച  ലോക കേരള സഭയുടെ പേരിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി വഴി വൻ ധൂർത്ത് അരങ്ങേറി. നിയമസഭയിലെ ചെലവുകൾ പരിശോധിക്കപ്പെടില്ലെന്ന പഴുത് ദുരുപയോഗം ചെയ്തു. ഇതു സംബന്ധിച്ച് ഗവർണർക്ക് പരാതി നൽകും. സ്പീക്കറുടെ ഇടപെടലുകളെ കുറിച്ച് അന്വേഷണം വേണമെന്നു ആവശ്യപ്പെടുമെന്നും ചെന്നത്തല വ്യക്തമാക്കി. 

ലോക കേരള സഭയെ ധൂർത്തിന്റെയും അഴിമതിയുടെയും പര്യായമാക്കി മാറ്റി. ലോക കേരള സഭ ചേരുന്നതിനായി ശങ്കരനാരായണൻ തമ്പി ഹാളിന്റെ നവീകരണത്തിന്റെ പേരിൽ കോടികളുടെ അഴിമതിയാണ് നടന്നത്. ഹാളിന്റെ നവീകരണത്തിനായി 1.84 കോടി രൂപ നേരത്തെ ചെലവാക്കിയിരുന്നു. ഊരാളുങ്കൽ സർവീസ് സൊസൈറ്റിയെ ആണ് ആ പ്രവൃത്തി ഏൽപിച്ചത്. ടെണ്ടർ അടക്കമുള്ള നപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു ഇത്. 

2020ൽ ലോക കേരള സഭ ചേർന്നപ്പോൾ വീണ്ടും 16.65 കോടി രൂപ ചെലവഴിച്ച് നവീകരിക്കാൻ നടപടി സ്വീകരിച്ചു. ഇതും ഊരാളുങ്കൽ സൊസൈറ്റിക്കു തന്നെ ടെണ്ടർ ഇല്ലാതെ നൽകി. ഒന്നര ദിവസത്തെ ലോക കേരള സഭയ്ക്കു വേണ്ടിയായിരുന്നു ഇത്. ഇപ്പോൾ ഈ ഹാൾ അടച്ചിട്ടിരിക്കുകയാണ്. ഇതുവരെ 12 കോടി രൂപയുടെ ബിൽ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിക്കഴിഞ്ഞു. കോവിഡിന്റെ സാമ്പത്തിക നിയന്ത്രണത്തിൽ പ്രത്യേക ഇളവ് നൽകിയായിരുന്നു ഇത്. 

നിയമസഭയെ കടലാസ് രഹിതമാക്കുന്ന പദ്ധതിക്കായി 52.33 കോടി രൂപയുടെ പദ്ധതിയും ഏൽപിച്ചത് ഊരാളുങ്കൽ സൊസൈറ്റിയെയാണ്. 13.53 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസും നൽകി. ഈ നിയമസഭയ്ക്കു വേണ്ടി 52.31 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. ഇതിന്റെയൊന്നും പ്രയോജനം ആർക്കും ലഭിച്ചിട്ടില്ല. ഇതിൽ അഴിമതിയുണ്ട് എന്നത് വളരെ വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു. 

ഫെസ്റ്റിവൽ ഓഫ് ഡമോക്രസി എന്ന പരിപാടി അഴിമതിയുടെ ഉത്സവമായിരുന്നു. ആറ് പരിപാടിക്ക് പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് കാരണം രണ്ടെണ്ണമേ നടത്തിയുള്ളൂ. ഇതിനു മാത്രം രണ്ടേകാൽ കോടി രൂപയാണ് ചെലവഴിച്ചത്. ഈ പരിപാടിക്ക് ഭക്ഷണ ചെലവു മാത്രം 68 ലക്ഷം രൂപ. യാത്രാ ചെലവ് 42 ലക്ഷം രൂപ. മറ്റു ചെലവുകൾ 1.21 കോടി രൂപ, പരസ്യം 31 ലക്ഷം രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചത്. ഈ പരിപാടിക്കായി അഞ്ച് പേർക്ക് കരാർ നിയമനം നൽകി. പരിപാടി അവസാനിച്ചിട്ട് രണ്ട് വർഷമായിട്ടും ഈ ജീവനക്കാർ ഇപ്പോഴും പ്രതിമാസം 30000 രൂപ ശമ്പളം വാങ്ങുന്നുണ്ട്. 21.61 ലക്ഷം രൂപയാണ് ഈ ഇനത്തിൽ ചെലവാക്കിയത്.

സഭാ ടിവി യുടെ പേരിലും വൻ ധൂർത്ത് നടത്തിയിട്ടുണ്ട്. എല്ലാ ധൂർത്തും അഴിമതിയും സ്പീക്കറുടെ നേതൃത്വത്തിലാണ് നടന്നത്. സംസ്ഥാനത്ത് ഒരു കരാര്‍ നടപടികളുമില്ലാതെ ഊരാളുങ്കലിനെ മാത്രം നിര്‍മാണ ജോലികള്‍ ഏല്‍പ്പിക്കുന്നത് ദുരൂഹമാണ്. നിയമസഭയില്‍ ആലോചിക്കാതെയാണ് എല്ലാം. പരാതി നല്‍കിയപ്പോള്‍ മാത്രമാണ് സഭാ ടിവിയെക്കുറിച്ച് കക്ഷി നേതാക്കളുടെ യോഗം വിളിക്കാന്‍ പോലും തയാറായത്. 

സ്പീക്കറെ വ്യക്തിപരമായി ആക്ഷേപിക്കുകയല്ല. പദവി ദുരുപയോഗം ചെയ്ത് ധൂര്‍ത്തു നടത്തരുതെന്ന് പ്രതിപക്ഷം നേരിട്ടു കണ്ടു പറഞ്ഞതാണ്. എന്നിട്ടും പ്രവര്‍ത്തനരീതി മാറ്റാന്‍  സ്പീക്കര്‍ തയാറായില്ല. രേഖകളുടെ പിൻബലത്തിൽ മാത്രമാണ് താൻ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com