ആദ്യ ഫലസൂചനകള്‍ എട്ടേകാലോടെ ; കോര്‍പ്പറേഷന്‍, പഞ്ചായത്ത് ഫലങ്ങള്‍ 11 മണിയോടെ അറിയാം ; വോട്ടെണ്ണല്‍ ഇങ്ങനെ...

ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക
ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ / ഫയല്‍ ചിത്രം
ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടു മണിയ്ക്ക് ആരംഭിക്കും. എട്ടേ കാലോടെ ആദ്യഫലസൂചനകള്‍ ലഭ്യമാകും. 11 മണിയോടെ ഗ്രാമപഞ്ചായത്ത്, കോര്‍പ്പറേഷന്‍ ഫലങ്ങള്‍ അറിയാനാകും. ഒരു മണിയ്ക്ക് മുമ്പ് അന്തിമഫലം വ്യക്തമാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ അറിയിക്കുന്നത്.

കോവിഡ് ബാധിതര്‍ക്ക് വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. ഗ്രാമപ്പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതത് വരണാധികാരികളാണ് എണ്ണുക.

പരമാവധി എട്ട് പോളിങ് സ്‌റ്റേഷനുകള്‍ക്ക് ഒരു മേശ എന്ന രീതിയില്‍ സാമൂഹിക അകലം പാലിച്ചാണ് കൗണ്ടിംഗ് മേശകള്‍ ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാകും. വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാണ് സ്‌ട്രോങ്‌റൂമില്‍ നിന്നും കണ്‍ട്രോള്‍ യൂണിറ്റുകള്‍ എത്തിക്കുക. 

ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു മേശയിലാണ് എണ്ണുക. ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് റിട്ടേണിങ് ഓഫീസറുടെ ടേബിളില്‍ ആയിരിക്കും. ഇവ എണ്ണി തീര്‍ന്നശേഷം ഇവിഎം  കണ്‍ട്രോള്‍ യൂണിറ്റുകള്‍ കൗണ്ടിംഗ് ടേബിളില്‍ എത്തിക്കും. 

വോട്ടെണ്ണല്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വോട്ടിംഗ് മെഷീനിലെ ബാറ്ററി കമ്പാര്‍ട്ട്‌മെന്റ് തുറന്ന് ബാറ്ററി റിമൂവ് ചെയ്യും. അതിനുശേഷം ഡിഎംഎം ഇളക്കി എടുത്തു സൂക്ഷിക്കും. പിന്നീട് വോട്ടിങ് മെഷീന്‍ സീല്‍ ചെയ്ത് മാറ്റും. വാര്‍ഡിലെ എല്ലാ വോട്ടിംഗ് മെഷീനുകളിലേയും വോട്ടെണ്ണല്‍ കഴിഞ്ഞശേഷം അന്തിമ ഫലം തയ്യാറാക്കും. റിസള്‍ട്ട് ഷീറ്റ് ഏജന്റ്മാര്‍ ഒപ്പിട്ട് നല്‍കണം. വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് ഉടന്‍തന്നെ റിട്ടേണിംഗ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com