സംഘര്‍ഷ സാധ്യത : കോഴിക്കോടും കാസര്‍കോടും നിരോധനാജ്ഞ ; മലപ്പുറത്ത് കര്‍ഫ്യൂ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 16th December 2020 07:30 AM  |  

Last Updated: 16th December 2020 07:30 AM  |   A+A-   |  

kerala police

ഫയല്‍ ചിത്രം

 

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പ്രമാണിച്ച് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലയില്‍ അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരം, വടകര, പേരാമ്പ്ര, വളയം, കുറ്റിയാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 

ഇന്നലെ വൈകീട്ട് ആറ് മുതല്‍ നാളെ വൈകീട്ട് ആറ് വരെയാണ് നിരോധനാജ്ഞ. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം വന്നതിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് ശേഷം അതത് വാര്‍ഡുകളില്‍ മാത്രമെ പ്രകടനം പാടുള്ളു എന്നാണ് നിര്‍ദ്ദേശം. 

കാസര്‍കോട് 10 പൊലീസ് സ്‌റ്റേഷന്‍ പരിധിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ 22 വരെയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി എട്ടു മുതല്‍ രാവിലെ എട്ടു വരെയാണ് നിരോധനാജ്ഞ. വോട്ടെണ്ണലുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്‌നങ്ങളും, കോവിഡ് വ്യാപനവും തടയുക ലക്ഷ്യമിട്ടാണ് നടപടി. 

രാത്രി എട്ട് മണി മുതല്‍ കാലത്ത് എട്ട് മണി വരെ വിവാഹം, മരണം എന്നീ ചടങ്ങുകള്‍ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങള്‍, മുതലായവ അനുവദനീയമല്ല. രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മൈക്ക് ഉപയോഗിക്കുവാന്‍ പാടില്ലെന്നും കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.