വാഗമണിലെ മയക്കുമരുന്ന് നിശാപാര്‍ട്ടി; നാലുപേര്‍ അറസ്റ്റില്‍; ആളെക്കൂട്ടിയത് സോഷ്യല്‍ മീഡിയ വഴി, ബുക്ക് ചെയ്തത് കൊച്ചി സ്വദേശിയെന്ന് റിസോര്‍ട്ട് ഉടമ

ജന്മദിന  ആഘോഷങ്ങള്‍ക്കെന്ന പേരിലാണ് റിസോര്‍ട്ട് എടുത്തതെന്നും മൂന്ന് റൂം മാത്രമാണ് എടുത്തതെന്നും ഷാജി പറഞ്ഞു
നിശാ പാര്‍ട്ടി നടന്ന റിസോര്‍ട്ട്
നിശാ പാര്‍ട്ടി നടന്ന റിസോര്‍ട്ട്

ഇടുക്കി: വാഗമണില്‍ നിശാപാര്‍ട്ടി നടക്കുന്നിടത്ത് നിന്നും മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. നിശാ പാര്‍ട്ടി സംഘടിപ്പിച്ച നാലുപേരാണ് അറസ്റ്റിലായത്. കേസില്‍ റിസോര്‍ട്ട് ഉടമയെ പൊലീസ് ചോദ്യം ചെയ്തു. സിപിഐ പ്രാദേശിക നേതാവും ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി കുറ്റിക്കാടനെയാണ് ചോദ്യം ചെയുന്നത്. ജന്മദിന  ആഘോഷങ്ങള്‍ക്കെന്ന പേരിലാണ് റിസോര്‍ട്ട് എടുത്തതെന്നും മൂന്ന് റൂം മാത്രമാണ് എടുത്തതെന്നും ഷാജി പറഞ്ഞു. റിസോര്‍ട്ട് ബുക്ക് ചെയ്തത് കൊച്ചി സ്വദേശി ഏണസ്റ്റ് എന്നയാളാണെന്നും ഷാജി വെളിപ്പെടുത്തി. 

എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ വന്നപ്പോള്‍ താന്‍ ചോദ്യം ചെയ്തിരുന്നുവെന്നുവെന്നും എട്ടുമണിക്ക് മുന്‍പ് റിസോര്‍ട്ട് വിടണമെന്ന് പറഞ്ഞിരുന്നെന്നും ഇയാള്‍ പറഞ്ഞു. പാര്‍ട്ടി നടത്തിയത് സ്വകാര്യ വ്യക്തികളാണെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ റിസോര്‍ട്ടില്‍ വീണ്ടും പരിശോധന നടത്തുന്നുണ്ട്. 

അതിനിടെ പ്രതിഷേധവുമായെത്തിയ കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനെയും സംഘത്തെയും റിസോട്ടിന് മുന്നില്‍ പൊലീസ് തടഞ്ഞു. കേസ് ഒതുക്കാന്‍ പൊലീസ് ശ്രമം നടത്തുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.  പിടികൂടിയ ലഹരിമരുന്നിന്റെ അളവ് കുറച്ച് കാണിക്കാന്‍ ശ്രമിക്കുന്നതായും റിസോര്‍ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് പാര്‍ട്ടികള്‍ക്ക് സിപിഎം-സിപിഐ നേതാക്കളുടെ ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. റിസോര്‍ട്ട് ഉടമ ഷാജി കുറ്റികാടന്‍ നക്ഷത്ര ആമ കടത്ത് ഉള്‍പ്പടെ കേസിലെ പ്രതിയാണെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു. 

ഇന്നലെ രാത്രിയോടെയാണ് വാഗമണില്‍ നിശാപാര്‍ട്ടി നടക്കുന്ന റിസോര്‍ട്ടില്‍ നിന്നും മയക്കുമരുന്ന് ശേഖരം പിടികൂടിയത്. എല്‍എസ്ഡി സ്റ്റാമ്പുകളും കഞ്ചാവും ഹെറോയിനുമടക്കമുള്ള ലഹരിമരുന്നുകള്‍ പിടികൂടിയിട്ടുണ്ട്. 

നിശാപാര്‍ട്ടിക്ക് പിന്നില്‍ ഒമ്പത് പേരാണെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. ഇതില്‍ മൂന്ന് പേരാണ് മുഖ്യ ആസൂത്രകര്‍. ഇവരാണ് മറ്റ് ആറ് പേര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഇവര്‍ ഇടുക്കി ജില്ലക്ക് പുറത്ത് നിന്നുള്ളവരാണ്. നിശാ പാര്‍ട്ടിയില്‍ ഇവരും പങ്കെടുത്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പാര്‍ട്ടി സംബന്ധിച്ച വിവരം പ്രതികള്‍ പങ്കുവച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com