കോഴിക്കോട് ഫറോക്കിൽ ഒന്നര വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു, ആശുപത്രിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th December 2020 09:50 AM  |  

Last Updated: 24th December 2020 09:54 AM  |   A+A-   |  

shigella bacteria

Centers for Disease Control and Prevention പ്രസിദ്ധീകരിച്ച ചിത്രം

 

കോഴിക്കോട് : കോഴിക്കോട് ഫറോക്ക് കല്ലാമ്പാറയില്‍ ഒന്നര വയസ്സുകാരന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രദേശത്തെ കിണറുകള്‍ ആരോഗ്യവകുപ്പ് അണുവിമുക്തമാക്കുകയാണ്. 

ഷിഗെല്ല രോഗബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോട്ടാംപറമ്പിലെ രണ്ട് കിണറുകളിലെ വെള്ളത്തിൽ ഷിഗെല്ലാ ബാക്ടിരിയ്ക്ക് സമാനമായ ബാക്ടീരിയ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇത് വ്യക്തമാക്കുന്ന അന്തിമ റിപ്പോർട്ട് ആയിട്ടില്ല.

കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പ്രാഥമിക പഠനത്തിൽ വെള്ളത്തിലൂടെയാണ് ഷിഗെല്ല പടർന്നതെന്ന് കണ്ടെത്തിയിരുന്നു. ഇന്ന് പ്രദേശത്ത് ആരോ​ഗ്യ വകുപ്പ് വീണ്ടും പ്രത്യേക ഫോളോ അപ്പ് മെഡിക്കൽ ക്യാമ്പ് നടത്തും. 

കോട്ടാംപറമ്പിൽ 11 വയസുകാരൻ മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗം സ്ഥിരീകരിക്കുന്നത്. ഈ കുട്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആറ് പേർക്ക് കൂടി പിന്നീട് രോഗം സ്ഥിരീകരിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്ക് നാരങ്ങാ വെള്ളം വിതരണം ചെയ്തിരുന്നു. ഇതിലൂടെയാണ് രോഗ വ്യാപനമുണ്ടായത് എന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലുള്ളത്.