ആര്യ പഴങ്കഥയാക്കുന്നത് ഫഡ്‌നാവിസിന്റെ റെക്കോര്‍ഡ്

ആര്യ പഴങ്കഥയാക്കുന്നത് ഫഡ്‌നാവിസിന്റെ റെക്കോര്‍ഡ്
ദേവേന്ദ്ര ഫഡ്‌നാവിസ്, ആര്യ രാജേന്ദ്രന്‍
ദേവേന്ദ്ര ഫഡ്‌നാവിസ്, ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: ആര്യാ രാജേന്ദ്രന്‍ എന്ന ഇരുപത്തിയൊന്നുകാരി കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ മേയര്‍ ആയി ചുമതലയേല്‍ക്കുമ്പോള്‍ പഴങ്കഥയാവുക ബിജെപി നേതാവും മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ റെക്കോര്‍ഡ്. ഇരുപത്തിയേഴാം വയസ്സിലാണ് ഫഡ്‌നാവിസ് നാഗ്പുര്‍ കോര്‍പ്പറേഷന്‍ മേയറായി സ്ഥാനമേറ്റത്. 

ഇരുപത്തിയൊന്നാം വയസ്സില്‍  കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആയിട്ടുണ്ട്, ഫഡ്‌നാവിസ്. അന്ന് അതും റെക്കോര്‍ഡ് ആയിരുന്നു. കൗണ്‍സിലര്‍ ആയ ശേഷം ഫഡ്‌നാവിസിന് മേയര്‍ പദത്തില്‍ എത്താന്‍ ആറു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ആര്യ പക്ഷേ, ഇരുപത്തിയൊന്നാം വയസ്സില്‍ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്കിപ്പുറം മേയര്‍ പദവിയില്‍ എത്തും.

രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആയാണ് ആര്യ തിങ്കളാഴ്ച സ്ഥാനമേല്‍ക്കാനൊരുങ്ങുന്നത്. മേയര്‍ ആയി ആര്യയെ നിയോഗിക്കാനുള്ള നിര്‍ദേശത്തിന് ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. 

മുടവന്‍മുകളില്‍നിന്ന് 549 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്, രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ആര്യ കൗണ്‍സിലര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. പൊതു പ്രവര്‍ത്തനവും പഠനവും ഒന്നിച്ചുകൊണ്ടുപോവാനാണ് താത്പര്യപ്പെടുന്നതെന്ന് ആര്യ പറഞ്ഞു. പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിയാക്കിയത്, പാര്‍ട്ടി തരുന്ന ഏതു ചുമതലയും ഏറ്റെടുക്കും. പക്വതയായില്ലെന്ന വിമര്‍ശനങ്ങളിലൊന്നും കാര്യമില്ല, പ്രായമല്ല ഒരാളുടെ പക്വത നിശ്ചയിക്കുന്നത്- ആര്യ പറഞ്ഞു.

തിരുവനന്തപുരം മനോഹരമായ നഗരമാണ്. അതിനെ അങ്ങനെ നിലനിര്‍ത്താന്‍ നഗരം മാലിന്യമുക്തമാവേണ്ടതുണ്ട്. പൊതുസ്ഥലത്ത് മാലിന്യമിടുന്നവര്‍ ഇപ്പോഴുമുണ്ട്. അവരെ കുടുതല്‍ ബോധവത്കരിക്കണം. മാലിന്യമുക്തവും സ്ത്രീസുരക്ഷിതവുമായ തിരുവനന്തപുരം തന്റെ മുന്‍ഗണനകളാണെന്ന് ആര്യ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com