നിയമസഭ തെരഞ്ഞെടുപ്പ് : വിജ്ഞാപനം മാര്‍ച്ചില്‍ ?; വോട്ടെടുപ്പ് ഏപ്രില്‍ അവസാനം ?

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2020 07:30 AM  |  

Last Updated: 26th December 2020 07:30 AM  |   A+A-   |  

ASSEMBLY ELECTION VOTE

പ്രതീകാത്മക ചിത്രം


 

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാര്‍ച്ച് രണ്ടാം വാരം പുറപ്പെടുവിച്ചേക്കും. ഏപ്രില്‍ അവസാന വാരത്തിനും മെയ് രണ്ടാം വാരത്തിനും ഇടയില്‍ രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നതാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലുള്ളത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് വിലയിരുത്താന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും അടുത്തയാഴ്ച സംസ്ഥാനത്തെത്തും.

കോവിഡ് മഹാമാരി പരിഗണിച്ച്, 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, അംഗപരിമിതര്‍ക്കും തപാല്‍ വോട്ട് അനുവദിക്കുന്നതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലുണ്ട്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച നിലവിലെ ഉത്തരവ് ഐജി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥാര്‍ക്കാണ് ബാധകമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ പേരില്‍ സ്ഥലംമാറ്റം ഡിജിപിക്ക് ബാധകമല്ല. എന്നാല്‍ പദവിയില്‍ മൂന്നുവര്‍ഷം കഴിഞ്ഞ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റണോ എന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും മീണ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച തീരുമാനത്തിനു മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരുമായി ചര്‍ച്ച നടത്തും.