തുടര്‍ച്ചയായ ദിവസങ്ങളില്‍ 'സ്‌പ്രേ പോലെ' മഞ്ഞമഴ, പിറ്റേന്ന് ബ്രൗണ്‍ നിറം; അത്ഭുത പ്രതിഭാസം, അമ്പരപ്പോടെ നെടുമ്പാശേരിയിലെ നാട്ടുകാര്‍

നെടുമ്പാശേരി ചെറിയവാപ്പാലശേരിയില്‍ ഏതാനും ദിവസങ്ങളായി തുടരുന്ന മഞ്ഞമഴയില്‍ അമ്പരന്ന് നാട്ടുകാര്‍
തുടര്‍ച്ചയായ ദിവസങ്ങളില്‍ 'സ്‌പ്രേ പോലെ' മഞ്ഞമഴ, പിറ്റേന്ന് ബ്രൗണ്‍ നിറം; അത്ഭുത പ്രതിഭാസം, അമ്പരപ്പോടെ നെടുമ്പാശേരിയിലെ നാട്ടുകാര്‍

കൊച്ചി: നെടുമ്പാശേരി ചെറിയവാപ്പാലശേരിയില്‍ ഏതാനും ദിവസങ്ങളായി തുടരുന്ന മഞ്ഞമഴയില്‍ അമ്പരന്ന് നാട്ടുകാര്‍. തേന്‍കുളം റോഡിലെ ഏതാനും വീടുകളിലാണ് മഞ്ഞമഴ പ്രതിഭാസം അനുഭവപ്പെട്ടത്. രാവിലെ 6 മുതല്‍ 9 മണി വരെയുള്ള സമയത്ത് ഇടയ്ക്കിടെ സ്‌പ്രേ ചെയ്യുന്നതു പോലെയാണു മഞ്ഞത്തുള്ളികളെത്തുന്നത്. പഞ്ചായത്ത്, റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പുകളില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. 

തേന്‍കുളം ആലുക്കല്‍ എ വി ഏലിയാസ്, ആലുക്കല്‍ എ വി പൗലോസ്, കൂരന്‍ കെ വി സുനില്‍, പുളിയപ്പിള്ളി ഏലിയാസ്, പുളിക്കന്‍ ജോര്‍ജ്, തൈപ്പറമ്പില്‍ അനില്‍, അറയ്ക്കല്‍ എ പി ശാബോര്‍ എന്നിവരുടെയും പഞ്ചായത്ത് അംഗം സി വൈ ശാബോറിന്റെ വാഴത്തോട്ടത്തിലുമാണു മഞ്ഞമഴ പെയ്തത്.കഴിഞ്ഞ 4 ദിവസമായി ഇത്രയും വീടുകളുടെ പരിസരത്തു മാത്രമാണ് ഈ പ്രതിഭാസം. വ്യാഴാഴ്ച മുതലാണ് ഇതു ശ്രദ്ധയില്‍പെട്ടത്. ഇന്നലെയും മഞ്ഞത്തുള്ളികള്‍ പതിച്ചതോടെ വിവരം അധികൃതരെ അറിയിച്ചു.വീഴുന്ന മഞ്ഞത്തുള്ളികള്‍ അപ്പപ്പോള്‍ മായ്ച്ചുകളഞ്ഞാല്‍ പോകും.

എന്നാല്‍ പിറ്റേന്നു ബ്രൗണ്‍ നിറമാകും. പിന്നെ കഴുകിയാല്‍ പോകാന്‍ ബുദ്ധിമുട്ടാണെന്നു പഞ്ചായത്ത് അംഗം സി വൈ ശാബോര്‍ പറഞ്ഞു. ചെറിയ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെന്ന് ഈ വീട്ടുകാര്‍ പറയുന്നു. വൃക്ഷങ്ങളുടെയും ചെടികളുടെയും മറ്റും വിത്തുകളിലുണ്ടാകുന്ന മഞ്ഞ നിറത്തിലുള്ള പൊടി കാറ്റോ പക്ഷികളോ വഴി അന്തരീക്ഷത്തില്‍ കലരുകയും പ്രദേശത്ത് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഇതു ചെറിയ മഴയില്‍ കുതിര്‍ന്നു താഴേക്കു പതിക്കുന്നതാകാമെന്നുമാണു കരുതുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷമേ ഇതില്‍ കൂടുതല്‍ വ്യക്തത വരൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com