ഒരു സംശയവും വേണ്ട, മലയാളത്തിലും റെയ്ഡ് വരും; വിജയിനെ കസ്റ്റഡിയിലെടുത്തതില്‍ സന്ദീപ് വാര്യര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2020 10:14 AM  |  

Last Updated: 06th February 2020 10:14 AM  |   A+A-   |  

 

കൊച്ചി: നടന്‍ വിജയിനെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. മലയാള സിനിമ പ്രവര്‍ത്തകര്‍ക്ക് എതിരെയും റെയ്ഡ് വരുമെന്ന തരത്തിലാണ് സന്ദീപിന്റെ പ്രതികരണം. നേരത്തെ, പൗരത്വ നിയമത്തെ എതിര്‍ത്ത് പ്രതിഷേധം നടത്തിയ സിനിമ പ്രവര്‍ത്തകര്‍ക്ക് എതിരെ ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തുമെന്ന് സന്ദീപ് പറഞ്ഞത് വിവാദമായിരുന്നു. 

'ഇന്‍കം ടാക്‌സ് ആക്ട് രാജ്യത്തിന് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്‌സ് റെയ്ഡ് വരികയാണെങ്കില്‍ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര്. ഐടി ഉദ്യോഗസ്ഥര്‍ പേടിച്ച് കണ്ടം വഴി ഓടിക്കോളും.'- സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിജയുടെ ഒരു ചിത്രവും വാര്യര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

'പൊളിറ്റിക്കല്‍ സ്‌റ്റേറ്റ്‌മെന്റ് നടത്തുകയും പിന്നീട് വര്‍ഷങ്ങളോളം നികുതി അടക്കാതിരിക്കുകയും ചെയ്താല്‍ സ്വാഭാവികമായും റെയ്ഡ് വരും. അപ്പോള്‍ പൊളിറ്റിക്കല്‍ സ്റ്റാന്‍ഡ് എടുത്തതിന്റെ പേരിലുള്ള പ്രതികാര നടപടിയാണെന്നായിരുന്നു ഇക്കൂട്ടര്‍ പറയുക. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി തമിഴ് ഇന്‍ഡസ്ട്രിയില്‍ റെയ്ഡ് നടന്നുവരുന്നു. മലയാളത്തിലും റെയ്ഡ് നടക്കും, ഒരു സംശയവും വേണ്ട. നികുതി കൃത്യമായി അടക്കാത്ത നിരവധി മലയാളനവ സിനിമാക്കാര്‍ ഇവിടെ ഉണ്ട്. അവര്‍ക്കെതിരെ റെയ്ഡ് ഉണ്ടാകും.'

'നികുതി അടയ്ക്കാതെ താരങ്ങള്‍ കോടിക്കണക്കിന് രൂപ ഉണ്ടാക്കുന്നു. പണ്ടത്തെപ്പോലെയല്ല ഇതൊക്കെ കൃത്യമായി നിരീക്ഷിക്കാന്‍ ഗവണ്‍മെന്റിന് സംവിധാനമുണ്ട്.'-കമന്റുകള്‍ക്ക് മറപടിയായി സന്ദീപ് വാര്യര്‍ പറഞ്ഞു.