'കെഎല്‍-07' ഇനി ചുളുവില്‍ കിട്ടുമെന്ന് കരുതേണ്ട ; 'സ്വപ്‌നരജിസ്‌ട്രേഷ'നില്‍ നിലപാട് കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

പുതിയ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ക്ക് പകരം സാധാരണ നമ്പര്‍ പ്ലേറ്റുകള്‍ കണ്ടാല്‍ ഡീലര്‍മാര്‍ക്കെതിരെ നടപടിയെടുക്കും
'കെഎല്‍-07' ഇനി ചുളുവില്‍ കിട്ടുമെന്ന് കരുതേണ്ട ; 'സ്വപ്‌നരജിസ്‌ട്രേഷ'നില്‍ നിലപാട് കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള വാഹന രജിസ്‌ട്രേഷന്‍ നമ്പരാണ് കെ എന്‍ 07. സ്വപ്‌ന രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ താല്‍ക്കാലിക വിലാസം നല്‍കി നമ്പര്‍ കരസ്ഥമാക്കുന്നതും വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തുതന്നെ ഏറെ ആവശ്യക്കാരുള്ള കെ എല്‍ 07 ഇനി ചുളുവില്‍ നല്‍കേണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. എറണാകുളത്തെ സ്ഥിരതാമസക്കാര്‍ക്ക് മാത്രം നമ്പര്‍ നല്‍കാനാണ് തീരുമാനം. ഇതോടെ സ്വപ്‌ന രജിസ്‌ട്രേഷനായി താല്‍ക്കാലിക വിലാസം നല്‍കുന്ന വാഹന ഉടമകള്‍ക്ക് വിലക്ക് വീഴും.

എറണാകുളം ജില്ലയില്‍ തന്നെ മറ്റ് സബ് ആര്‍ടിഒ ഓഫീസുകളായ ആലുവ, പെരുമ്പാവൂര്‍, പറവൂര്‍ തുടങ്ങിയവയുടെ പരിധിയില്‍ താമസിക്കുന്നവര്‍ എറണാകുളം നഗരത്തിലെ രജിസ്‌ട്രേഷനായ കെ എല്‍-07 ന് വേണ്ടി വ്യാപകമായി തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ നടപടിയെന്ന് ആര്‍ടിഒ മനോജ്കുമാര്‍ വ്യക്തമാക്കി. കൊച്ചി നഗരത്തില്‍ ജോലി ചെയ്യുന്ന മറ്റു ജില്ലക്കാര്‍ ഉള്‍പ്പെടെ ജോലിസ്ഥലത്തെ താല്‍ക്കാലിക വിലാസം ഉപയോഗിച്ചാണ് സ്വപ്‌ന രജിസ്‌ട്രേഷന്‍ സ്വന്തമാക്കുന്നത്.

എന്നാല്‍ ജില്ലയില്‍ തന്നെ താമസിക്കുന്നവര്‍ അതത് പ്രദേശത്തെ ആര്‍ടി ഓഫീസിലാണ് വാഹനം രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. താല്‍ക്കാലിക വിലാസമായി സിറ്റിയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സാക്ഷ്യപത്രം രജിസ്‌ട്രേഷനായി നല്‍കുമ്പോള്‍, ഇവര്‍ക്ക് ജില്ലയില്‍ മേല്‍വിലാസം ഉണ്ടോയെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ നല്‍കാവൂയെന്ന് വാഹന ഡീലര്‍മാര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുതിയ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ക്ക് പകരം സാധാരണ നമ്പര്‍ പ്ലേറ്റുകള്‍ കണ്ടാല്‍ ഡീലര്‍മാര്‍ക്കെതിരെ നടപടിയെടുക്കും. രജിസ്‌ട്രേഷന് ശേഷം വിതരണക്കാര്‍ തന്നെ വാഹനത്തില്‍ നമ്പര്‍ പ്ലേറ്റ് റിവേറ്റ് ചെയ്ത് നല്‍കുകയും വാഹന്‍ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുകയും വേണമെന്നാണ് ചട്ടം. ഇതിന് ശേഷമേ ആര്‍സി പ്രിന്റ് ചെയ്യാവൂ എന്നിരിക്കെ, ചില വിതരണക്കാര്‍ ഇത് കയ്യില്‍ കൊടുത്തുവിടുകയും ഉടമകള്‍ മറ്റ് പ്ലേറ്റുകള്‍ ഘടിപ്പിക്കുകയും ചെയ്യുന്ന പ്രവണത കൂടുന്നതായി അധികൃതര്‍ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com