കെട്ടിടനികുതി കുത്തനെ വര്‍ധിപ്പിച്ചു, ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി;  വയല്‍ഭൂമി കരഭൂമിയാക്കുന്നതിന് കൂടുതല്‍ ഫീസ്

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ കെട്ടിട നികുതി കൂട്ടിയും ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചും സംസ്ഥാന ബജറ്റ്
കെട്ടിടനികുതി കുത്തനെ വര്‍ധിപ്പിച്ചു, ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി;  വയല്‍ഭൂമി കരഭൂമിയാക്കുന്നതിന് കൂടുതല്‍ ഫീസ്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ കെട്ടിട നികുതി കൂട്ടിയും ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചും സംസ്ഥാന ബജറ്റ്. ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിക്കുമെന്ന് ബജറ്റ് നിര്‍ദേശിക്കുന്നു. വന്‍കിട പദ്ധതികള്‍ക്ക് അടുത്തുളള ഭൂമിയുടെ ന്യായവിലയില്‍ 30 ശതമാനം വര്‍ധന വരുത്തുമെന്നും ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

3000-5000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടങ്ങള്‍ക്ക് 5000 രൂപയായാണ് കെട്ടിട നികുതി വര്‍ധിപ്പിച്ചത്. 5000-7500 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടങ്ങളുടെ നികുതി 7500 രൂപയാണ്. 7500-10000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടങ്ങള്‍ക്ക് 10000 രൂപയുടെ കെട്ടിടനികുതിയായി ഈടാക്കും. 10000 അടിക്ക് മേലുളള കെട്ടിടങ്ങളുടെ കെട്ടിട നികുതി  12500 രൂപയായിരിക്കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു. അഞ്ചുവര്‍ഷത്തേക്കോ കൂടുതലോ കാലത്തേയ്ക്ക് കെട്ടിടനികുതി ഒരുമിച്ചടച്ചാല്‍ ആദായനികുതി ഇളവ് അനുവദിക്കുമെന്നും ബജറ്റില്‍ പറയുന്നു.

പോക്കുവരവിലും വര്‍ധന വരുത്തിയിട്ടുണ്ട്. ലോക്കേഷന്‍ മാപ്പിന് 200 രൂപയായി ഫീസ് വര്‍ധിപ്പിച്ചു. പോക്കുവരവിന് ഫീസ് സ്ലാബ് പുതുക്കി പ്രഖ്യാപിച്ചു. തണ്ടപ്പേര് പകര്‍പ്പെടുക്കുന്നതിന് 100 രൂപ ഫീസായി ഈടാക്കുമെന്നും ബജറ്റില്‍ പറയുന്നു. വയല്‍ഭൂമി കരഭൂമിയാക്കുന്നതിന് കൂടുതല്‍ ഫീസ് ഈടാക്കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു.

സംസ്ഥാനത്ത് വാഹന നികുതി വര്‍ധിപ്പിക്കാന്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ നിര്‍ദേശം. കാറുകളുടെ നികുതി രണ്ടു ശതമാനവും ബൈക്കുകളുടേത് ഒരു ശതമാനവുമാണ് വര്‍ധിപ്പിക്കുക. 

പതിനഞ്ചു ലക്ഷത്തിനു മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് രണ്ടു ശതമാനം അധിക നികുതി ഈടാക്കും. രണ്ു ലക്ഷത്തിനു മുകളില്‍ വിലയുള്ള ബൈക്കുകള്‍ക്ക് ഒരു ശതമാനം അധിക നികുതി നല്‍കണം.

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആദ്യ അഞ്ചു വര്‍ഷം നികുതി ഒഴിവാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ക്ലീന്‍ എനര്‍ജി പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് ലേലം ചെയ്തു നല്‍കുന്ന ഫാന്‍സി നമ്പറുകളുടെ എണ്ണം കൂട്ടുമെന്ന് ധനമന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com