ചികിത്സ തേടിയത് നാല് ആശുപത്രികളില്‍:അജ്ഞാത രോഗം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍;ഗൃഹനാഥന്‍ മരിച്ചു, കൊറോണ ഭീതിയില്‍ ബന്ധുക്കള്‍

നാലു സ്വകാര്യ ആശുപത്രികളില്‍ ചികിത്സിച്ചിട്ടും കണ്ടെത്താനാകാത്ത രോഗത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യാഴാഴ്ച വീട്ടിലെത്തി പരിശോധന നടത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: നാലു സ്വകാര്യ ആശുപത്രികളില്‍ ചികിത്സിച്ചിട്ടും കണ്ടെത്താനാകാത്ത രോഗത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യാഴാഴ്ച വീട്ടിലെത്തി പരിശോധന നടത്തി. കൊറോണ വൈറസ് ബാധയാണോ മരണകാരണമെന്നു സംശയം പ്രകടിപ്പിച്ചു ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണിത്. എന്നാല്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയല്ല മരണകാരണം എന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

കൊല്ലം സ്വദേശിയായ അറുപത്തിരണ്ടുകാരനാണ് ഡിസംബര്‍ 29നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ മരിച്ചത്. മണിപ്പാലിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ രക്തസാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ രോഗം എച്ച്1എന്‍1 അല്ലെന്നു സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നെങ്കിലും എന്തു രോഗമാണെന്ന് ചികിത്സിച്ച ആശുപത്രികളിലൊന്നും കണ്ടെത്താനായില്ല.

ലോറി കമ്പനിയിലെ ജീവനക്കാരനായിരുന്ന ഗൃഹനാഥനെ പനിയുടെ ലക്ഷണങ്ങളുമായാണ് ഡിസംബര്‍ ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതോടെ മറ്റൊരു ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്തപരിശോധനയില്‍ കൊറോണ വൈറസ്, ക്ലെബ്‌സിയല ബാക്ടീരിയ എന്നിവ കണ്ടെത്തി. ഒടുവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ 26 ദിവസം കഴിഞ്ഞ രോഗി മരിച്ചു.

കൊല്ലത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ആരോഗ്യവകുപ്പില്‍ നിന്നു ചിലര്‍ വന്നു സ്രവം ശേഖരിച്ചു പരിശോധനയ്ക്കു കൊണ്ടുപോയെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. എന്നാല്‍, രോഗിയുടെ രക്തപരിശോധനാ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് ജലദോഷമുള്ളവരില്‍പ്പോലും കാണാറുള്ള സാധാരണ കൊറോണ വൈറസാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി.വി.ഷേര്‍ളി പറഞ്ഞു. ന്യുമോണിയ ആകാം മരണകാരണമെന്നാണു സംശയമെന്നും പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com