വാഹന നികുതി കൂട്ടി; ആഢംബര കാറുകള്‍ക്കും ബൈക്കുകള്‍ക്കുംഅധിക നികുതി, ഇലക്ട്രിക് ഓട്ടോകള്‍ക്ക് ഇളവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2020 11:45 AM  |  

Last Updated: 07th February 2020 11:45 AM  |   A+A-   |  

rent_cars

 

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന നികുതി വര്‍ധിപ്പിക്കാന്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ നിര്‍ദേശം. കാറുകളുടെ നികുതി രണ്ടു ശതമാനവും ബൈക്കുകളുടേത് ഒരു ശതമാനവുമാണ് വര്‍ധിപ്പിക്കുക. 

പതിനഞ്ചു ലക്ഷത്തിനു മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് രണ്ടു ശതമാനം അധിക നികുതി ഈടാക്കും. രണ്ു ലക്ഷത്തിനു മുകളില്‍ വിലയുള്ള ബൈക്കുകള്‍ക്ക് ഒരു ശതമാനം അധിക നികുതി നല്‍കണം.

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആദ്യ അഞ്ചു വര്‍ഷം നികുതി ഒഴിവാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ക്ലീന്‍ എനര്‍ജി പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് ലേലം ചെയ്തു നല്‍കുന്ന ഫാന്‍സി നമ്പറുകളുടെ എണ്ണം കൂട്ടുമെന്ന് ധനമന്ത്രി അറിയിച്ചു. 

ജിഎസ്ടി നടപ്പാക്കിയപ്പോള്‍ ചെക് പോസ്റ്റുകള്‍ അടച്ചതോടെ അധികം വന്ന ജീവനക്കാരെ തദ്ദേശ സ്ഥാപനങ്ങളിലേക്കു പുനര്‍ വിന്യസിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. വീടുകള്‍ക്ക് അടുത്തുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അവര്‍ക്കു നിയമനം നല്‍കും. 

കൊച്ചി മെട്രോ വിപുലീകരണത്തിനും ബജറ്റില്‍ നിര്‍ദേശമുണ്ട്. പേട്ടതൃപ്പൂണിത്തുറ, ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ഇന്‍ഫോപാര്‍ക്ക് എന്നി മെട്രോ വിപുലീകരണ പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. 3025 കോടി രൂപയാണ് ചെലവിനത്തില്‍ കണക്കാക്കുന്നത്. കോവളത്തെ ബേക്കലുമായി ബന്ധിപ്പിച്ചു കൊണ്ടുളള ജലപാത ഈ വര്‍ഷം യാഥാര്‍ത്ഥ്യമാക്കും. ഇതിനായി 682 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

കൊച്ചിയുടെ സമഗ്ര വികസനത്തിന് 6000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഗതാഗത വികസനത്തിന് മാത്രം 239 കോടി രൂപ നീക്കിവെയ്ക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

500 മെഗാവാട്ട് ശേഷിയുളള വൈദ്യൂത പദ്ധതികള്‍ തുടങ്ങുമെന്നതാണ് മറ്റൊരു ബജറ്റ് പ്രഖ്യാപനം. വരുന്ന സാമ്പത്തികവര്‍ഷം കിഫ്ബി വഴി 20,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 43 കിലോമീറ്ററുകളില്‍ 10 ബൈപാസുകള്‍
നിര്‍മ്മിക്കും. 53 കിലോമീറ്ററില്‍ 74 പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനും തുക വകയിരുത്തുമെന്നും സംസ്ഥാന ബജറ്റില്‍ നിര്‍ദേശിക്കുന്നു.