'കേരളം കൊറോണയെയും അതിജീവിക്കുന്നു'; രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ് 

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് ആദ്യം സ്ഥിരീകരിച്ച തൃശൂരിലെ വിദ്യാര്‍ത്ഥിനിയുടെ ഏറ്റവും പുതിയ പരിശോധനാഫലം നെഗറ്റീവ്
'കേരളം കൊറോണയെയും അതിജീവിക്കുന്നു'; രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ് 

തിരുവനന്തപുരം: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് ആദ്യം സ്ഥിരീകരിച്ച തൃശൂരിലെ വിദ്യാര്‍ത്ഥിനിയുടെ ഏറ്റവും പുതിയ പരിശോധനാഫലം നെഗറ്റീവ്. രോഗ ബാധയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ രണ്ടാമത്തെ പരിശോധനാഫലമാണ് നെഗറ്റീവായത്. ആലപ്പുഴയിലാണ് പരിശോധന  നടത്തിയത്. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യ നില തൃപ്തികരമാണ്. അടുത്ത പരിശോധനാഫലം കൂടി നെഗറ്റീവായാല്‍ ആശുപത്രി വിടാനാകുമെന്ന് മന്ത്രി എസി മൊയ്തീന്‍ തൃശൂരില്‍ പറഞ്ഞു. അതിനിടെ, വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേര്‍ കൂടി അറസ്റ്റിലായി. തൃശൂര്‍ സ്വദേശികളായ ബിപീഷ്, പ്രദോഷ് എന്നിവരാണ് അറസ്റ്റിലായത്.

അതേസമയം,  28 ദിവസത്തെ നിരീക്ഷണകാലം പൂര്‍ത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാവൂ എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് രോഗം ഫലപ്രദമായി നിയന്ത്രിക്കാനായെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനുളളില്‍ തന്നെ രോഗം നിയന്ത്രിക്കാനായത് വലിയ നേട്ടമായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൊറോണ ബാധിതരായ മൂന്ന് പേരെയും ആദ്യഘട്ടത്തില്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കാനായതാണ് രോഗം പടരാതിരിക്കുന്നതില്‍ നിര്‍ണ്ണായകമായത്. 

രോഗബാധിതരുടെ സ്ഥിതി മെച്ചപ്പെട്ട് വരികയാണ്. എന്നാല്‍, ജാഗ്രത കുറച്ചുദിവസത്തേക്ക് കൂടി തുടരേണ്ടതുണ്ട്. കാസര്‍കോട് മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തീരുമാനിച്ചു. നിലവില്‍ 3144 പേരാണ് നിരീക്ഷണത്തിലുളളത്. ഇതില്‍ 45 പേരാണ് ആശുപത്രികളിലുളളത്. 330 സാമ്പിളുകളില്‍ 42 പേരുടെ ഫലമാണ് കിട്ടാനുളളത്. വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ 70 വിദ്യാര്‍ത്ഥികളില്‍ 66 പേരുടേയും ഫലം നെഗറ്റീവാണ്. ഒരാളുടെ പരിശോധനാഫലം കൂടി കിട്ടാനുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com