'പിഎം' ഉണ്ടോ?; കഞ്ചാവിനായി പെണ്‍കുട്ടികളുടെ നിര്‍ത്താതെയുള്ള ഫോണ്‍വിളി; സ്‌കോര്‍ എത്ര, ഹാള്‍ട്ട്...കോഡുകള്‍ ഇങ്ങനെ

ഇടപാടുകാരായ വിദ്യാര്‍ഥികള്‍ രഹസ്യ കോഡ് ഉപയോഗിച്ചാണ് ഫോണ്‍ ചെയ്തിരുന്നത്
'പിഎം' ഉണ്ടോ?; കഞ്ചാവിനായി പെണ്‍കുട്ടികളുടെ നിര്‍ത്താതെയുള്ള ഫോണ്‍വിളി; സ്‌കോര്‍ എത്ര, ഹാള്‍ട്ട്...കോഡുകള്‍ ഇങ്ങനെ

തൃശ്ശൂര്‍: രണ്ടരക്കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. അങ്കമാലിയില്‍ നിന്നും തൃശൂരിലേക്ക് ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് സംഘത്തെ എക്‌സൈസ് സംഘം പിടികൂടിയത്. തൃശ്ശൂര്‍ പള്ളിമൂല സ്വദേശി വിഷ്ണു (22), കോലഴി സ്വദേശി കൃഷ്ണമൂര്‍ത്തി (21) എന്നിവരാണ് പിടിയിലായത്.

ഇവര്‍ പിടിയിലായതറിയാതെ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് ഇവരുടെ ഫോണിലേക്ക് കഞ്ചാവിനായി വിളിച്ചത്. ആദ്യമായാണ് പെണ്‍കുട്ടികള്‍ നേരിട്ട് കഞ്ചാവിന്റെ ആവശ്യത്തിനായി വിതരണക്കാരെ വിളിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
തുടര്‍ന്ന് എല്ലാ കോളുകളും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറ്റന്‍ഡ് ചെയ്യുകയും വിളിച്ചവരുടെ നമ്പറുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഇടപാടുകാരായ വിദ്യാര്‍ഥികള്‍ രഹസ്യ കോഡ് ഉപയോഗിച്ചാണ് ഫോണ്‍ ചെയ്തിരുന്നത്.

വില എത്രയെന്ന് അറിയാന്‍ സ്‌കോര്‍ എത്രയെന്നും ബീഡിയിലോ സിഗരറ്റിലോ നിറച്ചുകിട്ടുമോ എന്നുള്ളതിന് ജോയിന്റ് എന്നും കഞ്ചാവിനായി ഏറെനേരം കാത്തുനില്‍ക്കേണ്ടി വരുമോ എന്നുള്ളതിന് പോസ്റ്റ് എന്നും ഉപയോഗിക്കാനുള്ള സ്ഥലം ലഭിക്കുമോ എന്നുള്ളതിന് ഹാള്‍ട്ട് എന്നുമാണ് ഇടപാടുകാരുടെ ഭാഷ. ഹാള്‍ട്ട് എന്നത് ഇടപാടുകാരുടെ പുതിയ കോഡ് ആണെന്നാണ് എക്‌സൈസ് സംഘത്തിന്റെ വിലയിരുത്തല്‍.

പിഎം എന്ന അപരനാമത്തിലാണ് വിഷ്ണു കോളേജ് വിദ്യാര്‍ഥികളുടെ ഇടയില്‍ അറിയപ്പെടുന്നത്. പ്രായപൂര്‍ത്തിയാകും മുമ്പ് ചെറിയ അളവില്‍ കഞ്ചാവുമായി വിഷ്ണുവിനേയും കൃഷ്ണമൂര്‍ത്തിയേയും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. അന്ന് കേസ് ചാര്‍ജ് ചെയ്യാതെ ഇരുവരേയും വീട്ടുകാരെയും വിളിച്ച് ഉപദേശിച്ചു വിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com