ആദിവാസി ബാലനെ മര്‍ദിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

വയനാട്ടില്‍ ആദിവാസി ബാലനെ ഹോസ്റ്റല്‍ വാര്‍ഡന്‍ മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
ആദിവാസി ബാലനെ മര്‍ദിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി ബാലനെ ഹോസ്റ്റല്‍ വാര്‍ഡന്‍ മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ പൊലീസ് മേധാവിയോട് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ട്രൈബല്‍ ഓഫീസറോടും വിദ്യാഭ്യാസ ഉപഡയറക്ടറോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഗുണന പട്ടിക തെറ്റിച്ചതിന് മര്‍ദിച്ചു എന്ന് കാട്ടി ഒന്‍പതു വയസുകാരന്റെ കുടുംബം നല്‍കിയ പരാതിയില്‍ വാര്‍ഡനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.നെന്മേനി ആനപ്പാറ ട്രൈബല്‍ ഹോസ്റ്റലിലെ നാലാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ഹോസ്റ്റല്‍ വാര്‍ഡന്‍ അനൂപ് മര്‍ദിച്ചു എന്നാണ് പരാതി. ഗുണന പട്ടിക ചൊല്ലാന്‍ വാര്‍ഡന്‍ ആവശ്യപ്പെട്ടു. ഗുണന പട്ടിക ചൊല്ലുന്നതിനിടെ ചില തെറ്റുകള്‍ ഉണ്ടായി. ഇതില്‍ ക്ഷുഭിതനായ വാര്‍ഡന്‍ തന്നെ മര്‍ദിച്ചു എന്നാണ് ഒന്‍പതു വയസുകാരന്‍ പറയുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നതെങ്കിലും മര്‍ദനത്തെ തുടര്‍ന്ന് കുട്ടിക്ക് നടക്കാന്‍ കഴിയാതെ വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. മര്‍ദനത്തെ തുടര്‍ന്ന് നടക്കാന്‍ കഴിയാതെ വന്നതോടെ കുട്ടി വീട്ടുകാരെ കാര്യം ധരിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്‌കൂളില്‍ എത്തിയ അമ്മ കുട്ടിയെ ബത്തേരി ആശുപത്രിയിലാക്കി. ആശുപത്രി അധികൃതരാണ് വിവരം അമ്പലവയല്‍ പൊലീസിനെ അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com