വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തോ?  ഇനി നാലു ദിനം കൂടി മാത്രം; അന്തിമ വോട്ടര്‍ പട്ടിക 28ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2020 09:28 AM  |  

Last Updated: 11th February 2020 09:28 AM  |   A+A-   |  

Photo_voter_slip

 

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിനായുളള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഇനി നാലു ദിനം കൂടി. ഈ മാസം പതിനാലു വരെയാണ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കാന്‍ കഴിയുക.

അനര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കികൊണ്ടുളള കരട് വോട്ടര്‍പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അപേക്ഷകളും നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 14 ആണ്. ജനുവരി 20 മുതലാണ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്. തുടര്‍ന്ന് കരട് വോട്ടര്‍പട്ടിക സംബന്ധിച്ച അപേക്ഷകളുടെയുടെ ആക്ഷേപങ്ങളുടെയും ഹിയറിംഗും അപ്‌ഡേഷനും ഫെബ്രുവരി 25 ന് പൂര്‍ത്തീകരിക്കും. ഫെബ്രുവരി 28 ന് അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളില്‍ കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ആയും പട്ടിക പരിശോധിക്കാനാവും. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലോ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ വോട്ടു ചെയ്‌തെന്നു വച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുണ്ടാവണമെന്നില്ല. 2015ലെ വോട്ടര്‍ പട്ടിക ആധാരമാക്കിയാണ് കരടു പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.