പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായി, പകരം വച്ചത് വ്യാജ വെടിയുണ്ടകള്‍, ബെഹ്‌റ ഫണ്ട് വകമാറ്റി; ഗുരുതര ആരോപണങ്ങളുമായി സിഎജി റിപ്പോര്‍ട്ട്

കാണാതായ വെടിയുണ്ടകള്‍ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വച്ചെന്നുമുളള ഗൗരവമായ കണ്ടെത്തലുകളുളള റിപ്പോര്‍ട്ട് സിഎജി നിയമസഭയില്‍ വച്ചു
പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായി, പകരം വച്ചത് വ്യാജ വെടിയുണ്ടകള്‍, ബെഹ്‌റ ഫണ്ട് വകമാറ്റി; ഗുരുതര ആരോപണങ്ങളുമായി സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. കാണാതായ വെടിയുണ്ടകള്‍ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വച്ചെന്നുമുളള ഗൗരവമായ കണ്ടെത്തലുകളുളള റിപ്പോര്‍ട്ട് സിഎജി നിയമസഭയില്‍ വച്ചു.

തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നിന്ന് 25 റൈഫിളുകളാണ് കാണാതായത്. 12061 വെടിയുണ്ടകളുടെ കുറവ് ഉളളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വച്ചു. എന്നാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. വെടിയുണ്ട കാണാതായതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്ന സര്‍ക്കാര്‍ വിശദീകരണവും റിപ്പോര്‍ട്ടിലുണ്ട്.

സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഗുരുതര ആരോപണങ്ങളാണ് സിഎജി ഉന്നയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് കമാന്‍ഡന്റിനോട് വ്യക്തത തേടിയപ്പോള്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രേഖകള്‍ തിരുത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തൃശൂര്‍ പൊലീസ് അക്കാദമിയില്‍  200 വെടിയുണ്ടകളുടെ കുറവുണ്ടായതായും റിപ്പോര്‍ട്ടില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. കാണാതായ വെടിയുണ്ടകള്‍ കണ്ടെത്തുന്നതിനും റൈഫിളുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് നിയമസഭയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ ബറ്റാലിയനുകളിലും പൊലീസ് സ്റ്റേഷനുകളിലും ആയുധങ്ങളുടെ കണക്കെടുപ്പ് നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് എതിരെയും സിഎജി റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ട്. പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മാണത്തിനുള്ള തുക വക മാറ്റിയെന്നും പൊലീസില്‍ കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യു വകുപ്പിനും വിമര്‍ശനമുണ്ട്.

പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കുന്നതിനുള്ള തുകയില്‍  2.81 കോടി രൂപയാണ് വകമാറ്റിയത്. എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാനാണ് പണം വകമാറ്റിയത്.  

പൊലീസ് സ്‌റ്റേഷനുകളിലേക്ക് കാറുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തെ തന്നെ കണ്ടെത്തി. മിത്ഷുബിഷി പജേറോ സ്‌പോര്‍ട് വാഹനത്തിന്റെ വിതരണക്കാരില്‍ നിന്ന് വസ്തുതാ വിവരങ്ങളും പ്രൊഫോര്‍മ ഇന്‍വോയിസും ശേഖരിച്ചു. ഇതിന് ഡിജിപി മുന്‍കൂര്‍ അനുമതി വാങ്ങിയില്ല. തുറന്ന ദര്‍ഘാസ് വഴി പോലും കാര്‍ വാങ്ങാന്‍ ഉദ്ദേശിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട്. തുറന്ന ദര്‍ഘാസ് നടത്താതിരിക്കാന്‍ കാരണമായി പറയുന്ന സുരക്ഷാ പരിഗണനകള്‍ സ്വീകാര്യമല്ലെന്ന് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കാറിന്റെ വിതരണക്കാര്‍ക്ക് മുന്‍കൂറായി 33 ലക്ഷം നല്‍കി 15 ശതമാനം ആഡംബര കാറുകള്‍ വാങ്ങി. 2017ലെ ടെക്‌നിക്കല്‍ കമ്മിറ്റി യോഗത്തിന് മുന്‍പ് കമ്പനികളില്‍ നിന്ന് വിവരം ശേഖരിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്നും സിഎജി വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com